തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്‍െറ നയവും സാമ്പത്തിക സമീപനങ്ങളും പ്രഖ്യാപിക്കുന്ന നിയമസഭാസമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സര്‍ക്കാറിന്‍െറ ആദ്യ നയപ്രഖ്യാപനപ്രസംഗം നടത്തുന്നതോടെയാണ് 14ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ആരംഭിക്കുക. പുതിയ സര്‍ക്കാറിന്‍െറ നയസമീപനങ്ങള്‍ ഗവര്‍ണറുടെ പ്രസംഗത്തിലൂടെ വ്യക്തമാവും. കഴിഞ്ഞ മന്ത്രിസഭായോഗം നയപ്രഖ്യാപനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ജൂലൈ എട്ടിനാണ് പുതുക്കിയ ബജറ്റ്.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച നടപ്പ് സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റാണ് പുതുക്കുന്നത്. കെ.എം. മാണി രാജിവെച്ചതിനത്തെുടര്‍ന്ന് അന്ന് ധന വകുപ്പിന്‍െറ ചുമതല മുഖ്യമന്ത്രിക്കായിരുന്നു. ധനകാര്യവിദഗ്ധന്‍ കൂടിയായ ധനമന്ത്രി ഡോ. തോമസ് ഐസക് വിഴിഞ്ഞത്ത് ബജറ്റ് എഴുത്തിന്‍െറ തിരക്കിലാണ്.
നയപ്രഖ്യാപനത്തിന്‍െറ നന്ദിപ്രമേയചര്‍ച്ച 28 മുതല്‍ 30 വരെ നടക്കും. അന്തരിച്ച മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിന് ചരമോപചാരമര്‍പ്പിച്ച് തിങ്കളാഴ്ച സഭ പിരിയും. 30നകം സര്‍ക്കാറിന്‍െറ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റാണ് അവസാനം അവതരിപ്പിച്ചതെങ്കിലും അതിലെ മിക്ക പ്രഖ്യാപനവും നടപ്പാകാനിടയില്ല. പുതിയ സര്‍ക്കാര്‍ പലതും തള്ളാനാണ് സാധ്യത. ജൂലൈ ഒന്നു മുതല്‍ ഏഴുവരെ സഭ സമ്മേളിക്കുന്നില്ല. എട്ടിനാണ് ബജറ്റ് അവതരണം. 11, 12, 13 തീയതികളില്‍ ബജറ്റിലെ പൊതുചര്‍ച്ച നടക്കും.
പുതിയ സര്‍ക്കാറാണെങ്കിലും വിവാദങ്ങള്‍ സഭയെ ചൂടുപിടിപ്പിക്കുമെന്നുറപ്പാണ്. സര്‍ക്കാറിന്‍െറ തുടക്കം നന്നായെന്ന വിലയിരുത്തല്‍ പൊതുവെ ഉണ്ടായിരുന്നു. ജിഷ വധക്കേസ് പ്രതിയെ പിടിക്കാനായി. എന്നാല്‍, കണ്ണൂര്‍ കൂട്ടിമാക്കൂലില്‍ ദലിത് സഹോദരിമാര്‍ക്ക് ജയിലില്‍ പോകേണ്ടിവന്ന സംഭവം പ്രതിപക്ഷം എടുത്തുപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.