എല്‍.ഡി.എഫ് വന്നിട്ടും സാമൂഹിക പ്രവര്‍ത്തകര്‍ക്കു നേരെ യു.എ.പി.എ

കോഴിക്കോട്: എല്‍.ഡി.എഫ് വന്നിട്ടും ‘പോരാട്ട’ത്തിന്‍െറ പേരില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതില്‍ മാറ്റമില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തി വീണ്ടും അറസ്റ്റ്. കോഴിക്കോട് ചെറുകുളം സ്വദേശി രാമകൃഷ്ണനെയാണ് (64) നടക്കാവ് പൊലീസ് ജോലിസ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്തത്.

കലക്ടറേറ്റ്, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചെന്നാണ് കുറ്റം. വൈ.എം.സി.എ റോഡിലെ കെട്ടിടത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇപ്പോള്‍ രാമകൃഷ്ണന്‍. ചെരിപ്പുകുത്തിയായും മറ്റും ഉപജീവനം നടത്തിയിരുന്ന ഇയാള്‍ക്ക് അടുത്തിടെയാണ് സെക്യൂരിറ്റി ജോലിലഭിച്ചത്. നോട്ടീസ് പതിച്ച കേസില്‍ നടക്കാവ്, മെഡിക്കല്‍ കോളജ് പൊലീസില്‍ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൂട്ടുപ്രതിയായ താമരശ്ശേരി സ്വദേശി ജോയിയെ നേരത്തേ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

തെരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രചാരണത്തിലേര്‍പ്പെട്ടെന്നാരോപിച്ച് എട്ടോളം സാമൂഹിക പ്രവര്‍ത്തകരെ നേരത്തേ യു.എ.പി.എ ചുമത്തി വിവിധയിടങ്ങളില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തുണ്ടായ ഈ അറസ്റ്റുകളുടെ തുടര്‍ച്ചയാണ് എല്‍.ഡി.എഫ് ഭരണകാലത്തും നടക്കുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ആക്ഷേപം. ഇതിന് പിന്നാലെയാണ് പുതിയ അറസ്റ്റ്. ഇതേകുറ്റം ആരോപിച്ച് പൊലീസ് പോരാട്ടം നേതാക്കളായ സി.എ. അജിതന്‍, സാബു, ചാത്തു, ഗൗരി, പാഠാന്തരം വിദ്യാര്‍ഥി കൂട്ടായ്മ നേതാവ് ദിലീപ്, പോരാട്ടം അനുഭാവികളായ ജോയ്, കാദര്‍, ബാലന്‍ എന്നിവരെ അന്യായമായി തുറുങ്കിലടത് ഏറെ വിവാദമായിരുന്നു.

ഇവരില്‍ ആദിവാസിയായ ഗൗരിക്കെതിരെ രണ്ട് പൊലീസ് സ്റ്റേഷന്‍നുകളിലായി രണ്ട് യു.എ.പി.എ കേസ് ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് യു.എ.പി.എ കേസില്‍ പ്രതിയാകുന്ന ആദ്യ ആദിവാസി സ്ത്രീയാണ് ഗൗരി. റീട്ടെയില്‍ രംഗത്തെ കുത്തകയായ റിലയന്‍സിനെതിരെ 2009ല്‍ തൃശൂരില്‍ നടത്തിയ സമര പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ഗൗരിയും സാബുവും. ദരിദ്രരുടെ റേഷന്‍ സംരക്ഷണ സമിതി, ആദിവാസികള്‍ക്കും ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന പ്രതിഷേധ പരിപാടികളിലും കുപ്പാടി സമരം അടക്കമുള്ള ദലിത് ആദിവാസി വിഭാഗങ്ങളുടെ ചെറുത്തുനില്‍പുകളിലും ഗൗരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദിലീപ് പോരാട്ടം പ്രവര്‍ത്തകനല്ല. ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ പൊതുപരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാഹിത്യ അക്കാദമി പരിസരത്തത്തെിയതായിരുന്നു അദ്ദേഹം. അവിടെനിന്ന് അജിതനെ ബലംപ്രയോഗിച്ച് പൊലീസ് വണ്ടിയില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന ദിലീപിനെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. വോട്ട് ചെയ്യാനുള്ള അവകാശം മൗലികാവകാശമല്ല, മറിച്ച് നിയമപരമായ അവകാശം മാത്രമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷണം (പി.യു.സി.എല്‍/ യൂനിയന്‍ ഓഫ് ഇന്ത്യ കേസ്) ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഈ നിലപാടിനെതിരെ രംഗത്തത്തെുന്നത്.

ഈ വിധിയില്‍ വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വോട്ട് ചെയ്യാനുള്ള അവകാശവും രണ്ടും തമ്മിലുള്ള വ്യത്യാസം കോടതി വിശദീകരിച്ചിട്ടുണ്ട്. വോട്ട് ചെയ്യാനുള്ള അവകാശംപോലെ തന്നെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശവും പൗരര്‍ക്കുണ്ടെന്നും രാജ്യത്തെ ഇലക്ഷന്‍ നിയമങ്ങള്‍ ഈ അവകാശം അംഗീകരിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്്. അതിനെതുടര്‍ന്ന് വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശത്തിന്‍െറ ഫലപ്രദമായ വിനിയോഗത്തിനായി ‘നോട്ട ബട്ടണ്‍’ ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിറക്കിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.