മുതിര്‍ന്ന നഴ്സിങ് വിദ്യാര്‍ഥിനികളുടെ ക്രൂര റാഗിങ്; ദലിത് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

എടപ്പാള്‍: മുതിര്‍ന്ന നഴ്സിങ് വിദ്യാര്‍ഥിനികളുടെ റാഗിങിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ദലിത് വിഭാഗക്കാരിയായ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. എടപ്പാളിനടുത്ത കാലടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതിയാണ് (19) ഈ ഹതഭാഗ്യ. കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായ അശ്വതിയെ ഹോസ്റ്റലില്‍ റാഗിങിന് വിധേയമാക്കിയ വിദ്യാര്‍ഥിനികള്‍ ടോയ്ലറ്റ് ക്ളീനര്‍ ബലം പ്രയോഗിച്ച് കുടിപ്പിച്ചതിനെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത്. ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള അശ്വതിക്ക് ദ്രാവകരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

മേയ് ഒമ്പതിന് രാത്രിയിലാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിനി സംഘം മണിക്കൂറുകള്‍ നീണ്ട റാഗിങിന് അശ്വതിയെ വിധേയമാക്കിയത്. അതിക്രൂരമായ റാഗിങിന്‍െറ വിവിധ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി രസിച്ച സംഘം വായയില്‍ ടോയ്ലറ്റ് ക്ളീനര്‍ ഒഴിച്ചുകൊടുക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയത്തെിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികളാണ് അശ്വതിയെ ഗുല്‍ബര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നാല് ദിവസം ഐ.സി.യുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും ചികിത്സയില്‍ കഴിഞ്ഞ അശ്വതിയുടെ അടുത്ത് ഒരിക്കല്‍ കര്‍ണാടക പൊലീസ് മൊഴിയെടുക്കാന്‍ എത്തിയെങ്കിലും സംസാരിക്കാന്‍ കഴിയാത്തത് മൂലം സാധിച്ചില്ല.

അതിനിടെ, സംഭവം പുറത്ത് പറയരുതെന്ന ഭീഷണി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നുണ്ടാവുകയും ചെയ്തു. പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ വരുമെന്നറിഞ്ഞതോടെ ഗുരുതരാവസ്ഥയിലുള്ള അശ്വതിയെ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ആശുപത്രിയുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്ത് സഹതാമസക്കാരികളായ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടുകാര്‍ എടപ്പാള്‍ ഹോസ്പിറ്റലിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള മകളുടെ ആരോഗ്യസ്ഥിതിയില്‍ തകര്‍ന്ന നിര്‍ധന കുടുംബം കുറ്റവാളികള്‍ക്കെതിരെ നിയമ നടപടിക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ എടപ്പാളിലെ അഡ്വ. കെ.പി. മുഹമ്മദ് ഷാഫി അശ്വതിയെ സന്ദര്‍ശിക്കുകയും സംഭവങ്ങളുടെ യഥാര്‍ഥ വിവരം എഴുതി വാങ്ങിക്കുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍, ഡി.ജി.പിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.