ഭര്‍ത്താവിന്‍െറ പുന:സമാഗമവും കാത്ത് ജിഹാന്‍

കോപന്‍ഹേഗന്‍: ഒമ്പതുമാസം മുമ്പ് ഭര്‍ത്താവ് അഷ്റഫിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം സിറിയയിലെ യുദ്ധമുഖത്തുനിന്ന് പലായനം ചെയ്തതായിരുന്നു ജിഹാന്‍. ജന്മനാ കാഴ്ചശക്തിയില്ലാത്ത  ജിഹാന് കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഇടതുകണ്ണ് പൂര്‍ണമായി നഷ്ടപ്പെട്ടു. 35കാരനായ അഷ്റഫിനും കണ്ണുകാണില്ല. മെഡിറ്ററേനിയന്‍ കടലിലൂടെ ഗ്രീസിനെ ലക്ഷ്യംവെച്ച  അഭയാര്‍ഥി ബോട്ടില്‍ അവരും അംഗമായി. എട്ടുമണിക്കൂര്‍കൊണ്ട് ലക്ഷ്യം കാണുമെന്നായിരുന്നു ബോട്ട്ഡ്രൈവര്‍ പറഞ്ഞത്.

എന്നാല്‍, കാറ്റും കോളും നിറഞ്ഞ  കടലിലൂടെ ആടിയുലഞ്ഞ ബോട്ടില്‍ യാത്രചെയ്യുമ്പോള്‍ ജീവനോടെ ബാക്കിയുണ്ടാകുമെന്നുപോലും അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. 40 യാത്രക്കാരായിരുന്നു ആ കുഞ്ഞുബോട്ടിലുണ്ടായിരുന്നത്.  യാത്രക്കിടയില്‍ പലതവണ അവര്‍ മരണം മുഖാമുഖം കണ്ടു. വെടിയുണ്ടകളുടെ ശബ്ദത്തെക്കാള്‍ കടലിരമ്പം അവരെ പേടിപ്പെടുത്തി. 45 മണിക്കൂറോളം യാത്രചെയ്തതിനു ശേഷമാണ് ഗ്രീസിലത്തെിയത്.
ആരുടെയും സഹായമില്ലാതെ സുരക്ഷിത സ്ഥാനംതേടി ആതന്‍സിലേക്ക് യാത്രതുടര്‍ന്നു ആ ദമ്പതികള്‍. അധികം കഴിഞ്ഞില്ല, നിയമവിരുദ്ധരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് വിട്ടയക്കുമ്പോള്‍ ആതന്‍സ് വിട്ടുപോകണമെന്ന് താക്കീതു നല്‍കുകയും ചെയ്തു. ആതന്‍സ് മാത്രമല്ല, മറ്റു നഗരങ്ങളില്‍ക്കൂടി കണ്ടുപോകരുതെന്ന് മുന്നറിയിപ്പും നല്‍കി. വേര്‍പെടുകയല്ലാതെ ആ നിരാലംബര്‍ക്ക് മറ്റു വഴിയുണ്ടായിരുന്നില്ല. അഷ്റഫ് തനിച്ചും ജിഹാനും മക്കളും ലോകത്തിന്‍െറ രണ്ടറ്റത്തേക്ക് യാത്രതുടര്‍ന്നു. ദിവസങ്ങളോളം നീണ്ട അലച്ചിലിനൊടുവില്‍ ജിഹാന്‍ ഡെന്മാര്‍ക്കില്‍ അഭയാര്‍ഥിയായി. അഷ്റഫിനെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചതുമില്ല. ഡെന്മാര്‍ക്കിലെ അഭയാര്‍ഥി ക്യാമ്പിലെ ഒറ്റമുറിയില്‍ അഞ്ചുവയസ്സുകാരന്‍ അഹ്മദിനും ഏഴുവയസ്സുകാരന്‍ മുഹമ്മദിനുമൊപ്പം ഭര്‍ത്താവിനെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയില്‍ ജിഹാന്‍ ജീവിക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവര്‍ക്ക് ആവലാതിയുണ്ട്. ‘പുതിയൊരു ജീവിതം തേടിയാണ് ഇവിടെ വന്നത്. ഈ രാജ്യത്തുള്ളവര്‍ ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കുന്നുണ്ട്. എന്നാല്‍, ഈ സാഹചര്യത്തോട് മക്കള്‍ പൊരുത്തപ്പെട്ടിട്ടില്ല. അല്ലലില്ലാതെ കഴിഞ്ഞ നാളുകളാണ് അവര്‍ക്കാവശ്യം’ -ജിഹാന്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.