അന്വേഷണ മികവുപുലര്‍ത്തി പ്രത്യേക സംഘം

കൊച്ചി: പുതിയ ഡി.ജി.പി ലോക്നാഥ് ബഹ്റയും എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘവും പൊലീസിന്‍െറയും സര്‍ക്കാറിന്‍െറയും മാനം കാത്തു. പ്രതിയെ പിടികൂടാനാകില്ളെന്ന് ഏവരും കരുതിയ കേസിലാണ് ക്ഷമാപൂര്‍വവും വിട്ടുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ത്തും നടത്തിയ അന്വേഷണത്തില്‍ പുതിയ സംഘം നേട്ടമുണ്ടാക്കിയത്. മുന്‍ സംഘം നടന്ന വഴിയിലൂടെ പലവട്ടം നടന്ന ഇവര്‍ പുതിയ തുമ്പുകള്‍ കണ്ടത്തെി എന്നതാണ് വിജയനിദാനം.

അയല്‍ക്കാരെയും സംശയനിഴലില്‍ ഉണ്ടായ എല്ലാവരെയും പുതിയ സംഘം ഒന്നിലേറെ തവണ ചോദ്യംചെയ്തു. അമ്മ രാജേശ്വരിയില്‍നിന്നും സഹോദരി ദീപയില്‍നിന്നും പലവട്ടം മൊഴിയെടുത്തു.  ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നിരവധി തവണ പരിശോധന നടത്തി. പിന്നീട് സ്ഥലത്തത്തെിയ ഡി.ജി.പി ജിഷയുടെ വീടിനടുത്തുനിന്ന് കിട്ടിയ ചെരിപ്പിന്‍െറ ഉടമയെ കണ്ടത്തൊന്‍ നിര്‍ദേശിച്ചു.

ഇതിനിടെ, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് രഹസ്യാന്വേഷണം നടത്തി. ഇത് മുന്‍ സംഘം നടത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. സംഭവദിവസത്തിന്‍െറ പിറ്റേന്ന് ഇയാള്‍ മുങ്ങിയെന്നും മനസ്സിലായി. ജിഷയുടെ വീട്ടുപരിസരത്തുനിന്ന് ലഭിച്ച ചെരിപ്പ് കൂട്ടുകാര്‍ തിരിച്ചറിയുകയും ചെയ്തതോടെ പ്രതി വലയിലായി.

താന്‍ അസമില്‍ ചെയ്ത ക്രൂരകൃത്യങ്ങളെക്കുറിച്ച് പ്രതി തൊഴിലാളി ക്യാമ്പില്‍ കൂട്ടുകാരോട് പറയാറുണ്ടായിരുന്നത്രേ. വീരപരിവേഷം കിട്ടാനായിരുന്നു മദ്യലഹരിയില്‍ ഇയാള്‍ ഇതെല്ലാം പറഞ്ഞിരുന്നത്. നാട്ടില്‍ 18 വയസ്സുള്ളപ്പോള്‍ 38കാരിയെ വിവാഹം ചെയ്ത ഇയാള്‍ മറ്റൊരു വിവാഹം കൂടി കഴിച്ചു. അതില്‍ പിറന്ന ഒന്നരവയസ്സുള്ള കുട്ടിയും ഭാര്യയും പെരുമ്പാവൂരില്‍ താമസിക്കുന്നുണ്ട്.

ഭാര്യയെയും കൂട്ടുകാരെയും ഇയാള്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ടോയെന്ന് പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് തമിഴ്നാട്ടില്‍ ഇയാളുണ്ടെന്ന് കണ്ടത്തെിയത്. പെരുമ്പാവൂര്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരായ സുദര്‍ശന്‍, എം.ജെ. സോജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തമിഴ്നാട്ടില്‍ തിരച്ചില്‍ നടത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.