പൊലീസ് ചോദ്യം ചെയ്തത് 40 മണിക്കൂറിലധികം

തൃശൂര്‍: ജിഷ വധക്കേസില്‍ പിടിയിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ തൃശൂരില്‍ പൊലീസ് ചോദ്യം ചെയ്തത് 40 മണിക്കൂറിലധികം. ടൗണിലെ പൊലീസ് ക്ളബിലും പിന്നീട് രാമവര്‍മപുരത്തെ പൊലീസ് അക്കാദമിയിലുമായിരുന്നു മാരത്തണ്‍ ചോദ്യംചെയ്യല്‍. ബുധനാഴ്ച രാവിലെ തുടങ്ങിയ ചോദ്യംചെയ്യല്‍ വ്യാഴാഴ്ച ഉച്ചവരെ നീണ്ടു. വൈകീട്ട് മൂന്നരയോടെയാണ് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ആലുവ പൊലീസ് ക്ളബിലേക്ക് കൊണ്ടുപോയത്. ഇതിനിടെ മണ്ണുത്തിയിലെ കെട്ടിട നിര്‍മാണ സ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തി.

അതീവ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കങ്ങള്‍. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചത് സംബന്ധിച്ച ചോദ്യം മാത്രം 20 തവണയിലേറെ ചോദിച്ചുവെന്ന് അന്വേഷണസംഘാംഗം പറഞ്ഞു. ചോദ്യങ്ങള്‍ക്ക് തുടക്കത്തില്‍ വിരുദ്ധ ഉത്തരങ്ങളാണ് ലഭിച്ചത്. പെരുമ്പാരൂവില്‍നിന്ന് അസമിലും പിന്നെ കാഞ്ചീപുരത്തേക്കും പോയശേഷമാണ് മണ്ണുത്തിയില്‍ എത്തിയതെന്ന വിവരം ലഭിച്ചതോടെ ചോദ്യം ചെയ്യല്‍ ശക്തമാക്കി.

റൂറല്‍ എസ്.പി ആര്‍. നിശാന്തിനി വിവരം നല്‍കിയതനുസരിച്ച് ജിഷ വധക്കേസ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി ബി. സന്ധ്യയും ടീമിലെ മൂന്നുപേരും തൃശൂരിലത്തെി പൊലീസ് ക്ളബില്‍ ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് രാമവര്‍മപുരം പൊലീസ് അക്കാദമിയിലേക്ക് മാറ്റിയത്. തൃശൂര്‍ ക്രൈംബ്രാഞ്ച് ടീമും പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്യലില്‍ സഹായിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.