പിണറായി സര്‍ക്കാറിന് നേട്ടം; അറസ്റ്റ് അധികാരമേറ്റ് 22ാം നാള്‍

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജിഷവധക്കേസിലെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് ഇടത് സര്‍ക്കാറിന് നേട്ടമായി. നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായ ജിഷവധക്കേസില്‍ അധികാരത്തിലത്തെിയാലുടന്‍ പ്രതിയെ പിടികൂടുമെന്ന് ഇടതുപക്ഷം വാഗ്ദാനം നല്‍കിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി 22ാം ദിവസമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനായത്.

സാധാരണ കൊലപാതകം പോലെ നിയമപാലകര്‍ അവഗണിച്ച ഈ സംഭവത്തിന്‍െറ ഭീകരത സഹപാഠികളുടെ ഇടപെടലിനെ തുടര്‍ന്നാണ് പുറംലോകമറിഞ്ഞത്. തെരഞ്ഞെടുപ്പുകാലത്ത് നടന്ന സംഭവം വലിയ രാഷ്ട്രീയ വിവാദമായി. ദേശീയ നേതാക്കള്‍ വരെ ജിഷവധം ഏറ്റെടുത്തതോടെ ഡല്‍ഹി സംഭവത്തിന്‍െറ മാതൃകയില്‍ വിഷയം ദേശീയ ശ്രദ്ധ നേടി. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസിന് അന്ന് കഴിഞ്ഞില്ല. ഇടതുമുന്നണി ഇത് സംസ്ഥാനമെമ്പാടും പ്രചാരണായുധമാക്കി. കേസില്‍ ശക്തമായ നടപടിയാണ് ഇടതുമുന്നണി വാഗ്ദാനം ചെയ്തത്. അവര്‍ സമരരംഗത്ത് നിലയുറപ്പിക്കുകയും ചെയ്തു.

സര്‍ക്കാര്‍ അധികാരമേറ്റ ആദ്യ മന്ത്രിസഭായോഗം തന്നെ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയായിരുന്നു. ജിഷയുടെ മാതാവിന് പെന്‍ഷന്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ എ.ഡി.ജി.പി ഡോ. ബി. സന്ധ്യക്കാണ് അന്വേഷണച്ചുമതല നല്‍കിയത്. പഴയ അന്വേഷണ സംഘത്തെ പൂര്‍ണമായി മാറ്റി പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടായി.

പുതിയ സംഘം പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു. പൊലീസ് മേധാവിയുടെ മാറ്റം വിവാദമായെങ്കിലും പ്രതികളെ ആഴ്ചകള്‍കക്കം പിടികൂടാന്‍ കഴിഞ്ഞത് നേട്ടമായി. തുടക്കം മുതല്‍ കേസില്‍ അവസാന നിമിഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും ചില കേന്ദ്രങ്ങള്‍ ആരോപണം ഉന്നയിച്ചു. തങ്ങളുടെ കാലത്തും മികച്ച രീതിയിലാണ് അന്വേഷണം നടത്തിയതെന്ന അവകാശവാദമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.