കൊച്ചി: ജിഷ കൊലക്കേസ് പ്രതിയെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പെരുമ്പാവൂർ കോടതിയില്‍ ഹാജരാക്കും. എസ്.പി ഉണ്ണിരാജയാണ് ഇക്കാര്യമറിയിച്ചത്. ഇതിന് മുന്നോടിയായി പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഡോക്ടർമാരെ ആലുവ പൊലീസ് ക്ലബിൽ എത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്. പെരുമ്പാവൂർ ആശുപത്രിയിലെ ഡോ. പ്രേം ആണ് പ്രതിയെ പരിശോധനക്ക് വിധേയമാക്കിയത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്ന് തന്നെ ആലുവയിലെത്തും.
കൊലപാതകം നടന്ന സ്ഥലത്ത് ഇന്ന് രാവിലെ പ്രതിയെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ജനരോഷം ഭയന്ന് അന്വേഷണ സംഘം ഈ പദ്ധതി ഉപേക്ഷിച്ചതായാണ് സൂചന. അതേസമയം, പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ജനങ്ങളുടെ കനത്ത പ്രതിഷേധം ഉയരാൻ സാധ്യതയുള്ളത് പൊലീസിനെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജഡ്ജിയുടെ വീട്ടിൽ പ്രതിയെ എത്തിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രതിയെ 15 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകും. ഇതിന് ശേഷമാണ് തെളിവെടുപ്പുണ്ടാകുക എന്നാണ് അറിയുന്നത്.
അസമീസ് ഭാഷ അറിയാവുന്ന ദ്വിഭാഷിയുടെ സഹായത്തോടെ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പ്രതിയിൽ നിന്ന് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ പ്രതിയെ തൽകാലം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കില്ല. വ്യാഴാഴ്ച വൈകിട്ടാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.