പാമോലിന്‍ കേസ് വീണ്ടും തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്ക്

കൊച്ചി: പാമോലിന്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നടക്കാനിരിക്കുന്ന വിചാരണ നടപടികള്‍ തിരുവനന്തപുരം കോടതിയിലേക്ക് മാറ്റി ഹൈകോടതി ഉത്തരവിട്ടു. കേസ് നടന്നിരുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്കുതന്നെ തുടര്‍ നടപടി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ മുന്‍ കേന്ദ്ര ചീഫ് വിജിലന്‍സ് കമീഷണര്‍ പി.ജെ. തോമസ് നല്‍കിയ ഹരജി ജസ്റ്റിസ് ബി. കെമാല്‍ പാഷ അനുവദിക്കുകയായിരുന്നു. അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിനത്തെുടര്‍ന്ന് ജഡ്ജിക്കെതിരെ ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജുള്‍പ്പെടെ രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ മറ്റ് ഏതെങ്കിലും കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹനീഫ ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് സമിതിയെ സമീപിച്ചു. കേസ് കേള്‍ക്കുന്നതില്‍നിന്ന് അദ്ദേഹം ഒഴിവാകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് 2011 ഒക്ടോബര്‍ 31ന് തൃശൂര്‍ കോടതിയിലേക്ക് മാറ്റിയത്.

 പ്രതികള്‍ക്കെതിരെ ജൂണ്‍ 16ന് കുറ്റം ചുമത്തലുള്‍പ്പെടെ തുടര്‍ നപടി തൃശൂര്‍ കോടതിയില്‍ നടക്കാനിരിക്കുകയാണ്. ഈ സാഹചര്യവും തന്‍െറയും അഭിഭാഷകന്‍െറയും മറ്റും സൗകര്യവും ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും തിരുവനന്തപുരത്തേക്കുതന്നെ മാറ്റണമെന്ന ആവശ്യവുമായി പി.ജെ. തോമസ് കോടതിയെ സമീപിച്ചത്. തൃശൂരിലേക്ക് മാറ്റാനിടയായ സാഹചര്യം നിലവിലില്ളെന്ന് വിലയിരുത്തിയാണ് കേസ് മാറ്റാന്‍ സിംഗിള്‍ബെഞ്ച് അനുമതിനല്‍കിയത്. കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയ വിജിലന്‍സ് ജഡ്ജിയല്ല അവിടെ നിലവിലുള്ളത്. വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. മറ്റ് പ്രതികളും കോടതി മാറ്റത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2003ലാണ് കുറ്റപത്രം നല്‍കുന്നത്. ഇതിനിടെ, പല പ്രതികളും മറ്റ് കക്ഷികളും വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ കോടതികളെ സമീപിച്ചു. ഈ ഘട്ടത്തിലാണ് 23ന് വിചാരണനടപടി ആരംഭിക്കാനിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.