‘തലമുറകളുടെ’ വിശേഷം പങ്കിട്ട് വിന്‍േറജ് കാറുകളുടെ സംഗമം

തൃശൂര്‍: പണ്ടുപണ്ട്, ‘മാരുതി’ക്ക് മുമ്പ് നിരത്തുകള്‍ വാണിരുന്നവര്‍ തെക്കേ ഗോപുരനടയില്‍ ഒത്തുകൂടി. ഇവയില്‍ പലരും ഗതകാലസ്മരണയുമായി കാര്‍പോര്‍ച്ചില്‍ വിശ്രമത്തിലാണെങ്കിലും പ്രൗഢിക്ക് കുറവൊന്നുമില്ല. മക്കളെപോലെയാണ് ഈ കാറുകളെ ഉടമകള്‍ സംരക്ഷിക്കുന്നത്. രാജകീയതയുടെ ലക്ഷണമായിരുന്ന മോറിസ്, ഭരണകേന്ദ്രങ്ങളില്‍നിന്ന് നേതാക്കളെയും നിറച്ച് എത്തിയിരുന്ന അംബാസഡര്‍, വാഹന പ്രേമികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിയ പ്രീമിയര്‍ പത്മിനി, പൗരുഷത്തിന് ഒട്ടും ചോര്‍ച്ച വന്നിട്ടില്ളെന്ന ഭാവത്തില്‍ നില്‍ക്കുന്ന ‘വില്ലീസ്’ ജീപ്പ്, ‘ഇപ്പോഴത്തെ യുദ്ധമൊക്കെ എന്ത് യുദ്ധം’ എന്ന ഭാവത്തില്‍ സൈന്യത്തിന്‍െറ വാഹനമായിരുന്ന ടെമ്പോ... ഇവയെല്ലാം വിന്‍േറജ് കാറുകളുടെ പ്രദര്‍ശനത്തിന് എത്തിയിരുന്നു.

വന്നവരില്‍ കാരണവര്‍ 1937 മോഡല്‍ മോറിസ് തന്നെ.  കാലപ്പഴക്കത്തിലും പ്രൗഢി നഷ്ടപ്പെടാത്ത നൂറ്റമ്പതോളം വിന്‍േറജ് കാറുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. കാറിനൊപ്പം സെല്‍ഫിയെടുത്തും ആഘോഷിച്ചും തൃശൂരുകാര്‍ക്ക് പൂരത്തിനോട് മാത്രമല്ല കാറുകളോടുമുണ്ട് പ്രേമം എന്ന് മനസ്സിലാക്കിക്കൊടുത്തു. പ്രദര്‍ശനത്തിനുശേഷം സ്വരാജ് റൗണ്ടില്‍ നടന്ന കാര്‍ റാലിയും കൗതുകമായി.

അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ വിന്‍േറജ് കാര്‍ ക്ളബിന്‍െറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്. ഉത്തരവ് കോടതി സ്റ്റേ ചെയ്തെങ്കിലും പ്രദര്‍ശനവുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. വിന്‍േറജ് വാഹനങ്ങളെ പ്രത്യേകം കാറ്റഗറിയാക്കി ക്ളാസിക് നികുതി ഏര്‍പ്പെടുത്തണമെന്ന് 12 വിന്‍േറജ് കാറുകളുടെ ഉടമയായ അയ്യന്തോള്‍ സ്വദേശി പ്രഭു അഭിപ്രായപ്പെട്ടു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.