എസ്.ബി.ടിയെ ലയിപ്പിക്കാനുള്ള നീക്കം കേരളത്തോടുള്ള വെല്ലുവിളി –കോടിയേരി

തിരുവനന്തപുരം: എസ്.ബി.ടിയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ നീക്കം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.ബി.ടി സംരക്ഷണ ബഹുജന കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ബി.ടിയെ ലയിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതാണ്. എന്നാല്‍, കേരളത്തിന്‍െറ ആവശ്യം മുഖവിലയ്ക്കെടുക്കാതെയുള്ള നീക്കമാണ് കേന്ദ്രത്തില്‍നിന്നുണ്ടാകുന്നത്.

രാജ്യത്തെ ദേശീയ ബാങ്കുകളുടെ എണ്ണം 28ല്‍നിന്ന് ആറായി കുറക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. സ്വകാര്യ കുത്തകള്‍ക്കുവേണ്ടിയാണ് ഇത്തരം നിലപാടുമായി മുന്നോട്ടുപോകുന്നത്. ഇതു ശക്തമായി ചെറുക്കും. കേരളത്തിന്‍െറ പൊതുപ്രശ്നമായിതന്നെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി പറഞ്ഞു.
 
എസ്.ബി.ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ലയനം സംസ്ഥാനത്തിന്‍െറ വികസനതാല്‍പര്യങ്ങള്‍ക്കെതിരാണ്. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളിലും ചെറുകിട വ്യവസായരംഗത്തും ഏറ്റവുമധികം വായ്പ നല്‍കിയിട്ടുള്ളത് എസ്.ബി.ടിയാണ്. ദുര്‍ബലാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നില മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കാതെ നന്നായി പ്രവര്‍ത്തിക്കുന്നവ ലയിപ്പിക്കാന്‍ നടത്തുന്ന ശ്രമം യുക്തിരഹിതമാണെന്നും സുധീരന്‍ പറഞ്ഞു.
 

എസ്.ബി.ടിയെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.വി. ജോസണ്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്, കെ.എസ്. കൃഷ്ണ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍. അനില്‍, ഡോ. സി. ഉദയകല, ഡോ. ബിജു രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.