നിലവിലെ രൂപത്തില്‍ യു.ഡി.എഫ് തുടരില്ല –സി.പി.എം

തിരുവനന്തപുരം: നിലവിലെ രൂപത്തില്‍ യു.ഡി.എഫ് തുടരാന്‍ പോകുന്നില്ളെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫിനേക്കാള്‍ എല്‍.ഡി.എഫിന് ഇത്തവണ ഒമ്പത് ലക്ഷത്തിലധികം വോട്ട് ലഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായി വരുന്നെന്നാണ് ഫലം കാണിക്കുന്നത്. എല്‍.ഡി.എഫ് വിട്ട ജനതാദള്‍-യുവിന്‍െറയും ആര്‍.എസ്.പിയുടെയും രാഷ്ട്രീയപാപ്പരത്തത്തിന് ഏറ്റ തിരിച്ചടിയാണ് അവര്‍ക്ക് നിയമസഭാ പ്രാതിനിധ്യം പൂര്‍ണമായി ഇല്ലാതായത്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത്. അന്ന് 38.45 ശതമാനം വോട്ട് ലഭിച്ചു. ഇത്തവണ 38.81 ശതമാനമാണ്.

ഇതിന് മുമ്പുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് 40 ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു. മുന്‍കാലത്ത് യു.ഡി.എഫ്-എല്‍.ഡി.എഫ് വോട്ട് വ്യത്യാസം ഒന്നു മുതല്‍ മൂന്ന് ലക്ഷം വരെയായിരുന്നതാണ് ഇത്തവണ ഒമ്പത് ലക്ഷമായി വര്‍ധിച്ചത്. മാഹിയില്‍ 40 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പരാജയപ്പെട്ടു. സമുദായസംഘടനകളെ കേന്ദ്രഭരണം ഉപയോഗിച്ച് കൂടെ നിര്‍ത്താനുള്ള ആര്‍.എസ്.എസ് ശ്രമത്തെ നേരിടുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. ആര്‍.എസ്.എസ് ഇടപെടല്‍ കാരണം രൂപവത്കരിച്ച ബി.ഡി.ജെ.എസിന് 37 മണ്ഡലങ്ങളിലായി 3.9 ശതമാനം വോട്ടാണ് ലഭിച്ചത്. ഇതുകൂടി ചേര്‍ത്താണ് എന്‍.ഡി.എക്ക് 15 ശതമാനം വോട്ട് ലഭിച്ചത്. മതനിരപേക്ഷശക്തികള്‍ എല്‍.ഡി.എഫിനെ പൊതുവില്‍ പിന്താങ്ങി. എല്ലാ മതവിഭാഗത്തില്‍പെട്ടവരുടെയും പിന്തുണ ലഭിച്ചു. വിവിധ സന്ദര്‍ഭങ്ങളില്‍ എതിര്‍ നിലപാട് സ്വീകരിച്ചവരും അനുകൂലമായി. മുസ്ലിം വിഭാഗത്തിലെ വ്യത്യസ്ത സംഘടനകള്‍ എല്‍.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചു.

മലപ്പുറത്ത് എല്‍.ഡി.എഫിന് 42 ശതമാനം വോട്ട് ലഭിച്ചു. മുസ്ലിം ലീഗിന്‍െറ അടിത്തറ ഇളകുന്നെന്നാണ് ഇത് തെളിയിക്കുന്നത്. ഇതാദ്യമായി 50 ശതമാനം വോട്ട് മലപ്പുറത്ത് യു.ഡി.എഫിനില്ലാതായി. മുസ്ലിം ജനവിഭാഗത്തില്‍ നല്ല ശതമാനം എല്‍.ഡി.എഫിലേക്ക് മാറുന്നെന്നതിന്‍െറ തെളിവാണിത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ലീഗ് പരസ്യവെല്ലുവിളി നടത്തുന്നു. എല്‍.ഡി.എഫിനെ സഹായിച്ചാല്‍ നേരിടുമെന്നാണ് ലീഗ് സെക്രട്ടറി വെല്ലുവിളിക്കുന്നത്. എല്‍.ഡി.എഫിനെ സഹായിച്ചെന്നതിന്‍െറ പേരില്‍ എന്തെങ്കിലും പ്രതികാരനടപടി സ്വീകരിച്ചാല്‍ ആ ജനവിഭാഗത്തെ സംരക്ഷിക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കും.വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍, പാലക്കാട് മണ്ഡലങ്ങളില്‍ സി.പി.എം പരാജയപ്പെട്ടത് പ്രത്യേകം പരിശോധിക്കും.  മൂന്നാം സ്ഥാനത്ത് പോയ കാസര്‍കോട് നേരത്തേതന്നെ ആ സ്ഥിതിയിലായിരുന്നു. മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്ത് പോയെങ്കിലും വോട്ട്
വര്‍ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.