ബംഗ്ളാദേശി പെണ്‍കുട്ടികളുടെ കേസ്: വിഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് നടപടികളെന്ന- ഹൈകമീഷന്‍

കോഴിക്കോട്: ലൈംഗിക പീഡനത്തിനിരയായി വര്‍ഷങ്ങളായി കോഴിക്കോട്ട് കുടുങ്ങിക്കിടക്കുന്ന നാല് ബംഗ്ളാദേശി പെണ്‍കുട്ടികളെ സ്വന്തം നാട്ടിലത്തെിച്ചാല്‍ കേസിനാവശ്യമായ നടപടികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമുള്‍പ്പെടെ ഒരുക്കുമെന്ന് ബംഗ്ളാദേശ് ഹൈകമീഷന്‍ ഉറപ്പുനല്‍കി.
പെണ്‍കുട്ടികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ആം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി. അനൂപിന് ഹൈകമീഷന്‍െറ മിനിസ്റ്റര്‍ കോണ്‍സുല്‍ മൊഷറഫ് ഹൊസൈന്‍ അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബംഗ്ളാദേശിലെ ധാക്ക അഹ്സനിയ മിഷന്‍ (ഡി.എ.എം) എന്ന എന്‍.ജി.ഒയുടെ സഹകരണത്തോടെയാണ് ഹൈകമീഷന്‍ പെണ്‍കുട്ടികളുടെ സ്വദേശങ്ങളിലെ ജില്ലാ മജിസ്ട്രേറ്റിന്‍െറ അനുമതിക്കത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
വര്‍ഷങ്ങളായി വെള്ളിമാടുകുന്ന് മഹിളാമന്ദിരത്തിലും ആഫ്റ്റര്‍ കെയര്‍ ഹോമിലുമായി താമസിക്കുന്ന പെണ്‍കുട്ടികളെ അനിശ്ചിതമായി ഇവിടെ പിടിച്ചുവെക്കുന്നതിനുപകരം നാട്ടിലത്തെിച്ച് കേസിനാവശ്യമാവുമ്പോള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാം എന്ന ഉറപ്പിനായി ഒരു മാസമായി ആം ഓഫ് ജോയ് ശ്രമിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉറപ്പുലഭിച്ചത്.

ഇതുകൂടാതെ തങ്ങളുടെ അവസ്ഥ വിവരിച്ചുകൊണ്ട് പെണ്‍കുട്ടികള്‍ എഴുതിയ കത്തിന്‍െറ കോപ്പിയുള്‍പ്പെട്ട നിവേദനം ഗവര്‍ണറുടെ മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഗവര്‍ണര്‍  മുഖ്യമന്ത്രിയുടെ ഓഫിസിലേക്കയച്ച നിവേദനം നിലവില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പരിഗണനയില്‍ ഇരിക്കുകയുമാണ്.
പെണ്‍കുട്ടികള്‍ക്കുവേണ്ടി പുനര്‍ജനി അഭിഭാഷക സമിതിയിലെ അഡ്വ. സ്വപ്നയുടെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് ഉള്‍പ്പെടെ 14 കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.
ഹരജിയും ആഭ്യന്തര സെക്രട്ടറിയുടെ മുന്നിലുള്ള നിവേദനവും ഉടന്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആം ഓഫ് ജോയിയും പുനര്‍ജനിയും.
പെണ്‍കുട്ടികളെ നാട്ടിലേക്ക് തിരികെയത്തെിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനുവരി 25ന് ബംഗ്ളാദേശ് ഹൈകമീഷന്‍ ഇവര്‍ക്ക് മടങ്ങിപ്പോവുന്നതിനുള്ള യാത്രാനുമതി നല്‍കിയിരുന്നു.

എന്നാല്‍, ലൈംഗിക പീഡനത്തിന് ഇരയായതിനാല്‍ തെളിവെടുപ്പും തുടരന്വേഷണവും നടക്കുന്നതിനാല്‍ ഇവരെ പറഞ്ഞയക്കാനാവില്ളെന്ന് ഫോറിനര്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസില്‍നിന്ന് വിശദീകരണം ലഭിച്ചു.ഒരു പെണ്‍കുട്ടിക്ക് ബംഗളൂരുവിലെ പൊലീസിനും മറ്റ് മൂന്നുപേര്‍ക്ക് മലപ്പുറം കല്‍പ്പകഞ്ചേരിയിലും പൊന്നാനിയിലുമുള്ള കേസുകളിലും സാക്ഷിമൊഴി നല്‍കാനുണ്ട്.
ഏപ്രില്‍ 24ന് യാത്രാ െപര്‍മിറ്റിന്‍െറ കാലാവധി അവസാനിക്കുകയും ചെയ്തു.സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മടക്കയാത്ര അനിശ്ചിതമായി നീളുമ്പോള്‍ ഏറെ വര്‍ഷങ്ങളായി അന്യനാട്ടില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ ഈ പെരുന്നാളെങ്കിലും സ്വന്തം നാട്ടില്‍ ആഘോഷിക്കാനാവുമോ എന്ന ചോദ്യത്തിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.