പ്രായം തളര്‍ത്താത്ത മനസ്സുമായി ‘ഓതിക്കുന്ന താത്ത’

കരുനാഗപ്പള്ളി: 90ാം വയസ്സിലും നോമ്പും ഖുര്‍ആന്‍ പാരായണവും കൈവിടാതെ ‘ഓതിക്കുന്ന താത്ത’യെന്ന് വിളിക്കുന്ന ഫാത്തിമാകുഞ്ഞ്. 60 വര്‍ഷത്തിലേറെയായി പ്രദേശത്തെ കുട്ടികള്‍ക്ക് ഖുര്‍ആന്‍െറ ആദ്യപാഠം ചൊല്ലിക്കൊടുക്കുകയാണിവര്‍. പെണ്‍കുട്ടികള്‍ക്കടക്കം ഖുര്‍ആന്‍െറയും ഇസ്ലാമിന്‍െറയും വിജ്ഞാനം പകര്‍ന്നുനല്‍കിയ ചിറ്റുമൂല പുലിയൂര്‍ വഞ്ചിവടക്ക് തെങ്ങുംതറയില്‍ വീട്ടില്‍ ഫാത്തിമാകുഞ്ഞ് എന്ന വനിതാ ഉസ്താദ് ഇന്നും റമദാനില്‍ നോമ്പും ഖുര്‍ആന്‍ പാരായണവും ക്രമംതെറ്റാതെ നിര്‍വഹിക്കുന്നു. ശാരീരിക പ്രശ്നങ്ങളുണ്ടെങ്കിലും ഇതൊന്നും ഇവര്‍ വകവെക്കാറില്ല. സഹോദരിയുടെ മകനും വളര്‍ത്തുപുത്രനുമായ റിട്ട. സബ് ഇന്‍സ്പെക്ടര്‍ തെങ്ങുംതറയില്‍ വീട്ടില്‍ അബ്ദുല്‍ സമദിനോടൊപ്പമാണ് താമസിക്കുന്നത്.

ഭര്‍ത്താവ് പെരുവേലില്‍ മുഹമ്മദ്കുഞ്ഞ് 19 വര്‍ഷം മുമ്പ് മരിച്ചു. അന്നു മുതല്‍ അബ്ദുല്‍സമദിനൊപ്പമാണ് താമസം. ചിറ്റുമൂലയിലെ കുരുടന്‍റയ്യത്ത് കുടുംബാംഗമായ തെങ്ങുംതറയില്‍ ഇല്യാസ് കുഞ്ഞ്-സാറാ ഉമ്മ ദമ്പതികളുടെ എട്ട് മക്കളില്‍ മൂന്നാമത്തേതാണ് ഫാത്തിമാകുഞ്ഞ്. 1955 മുതല്‍ ചിറ്റുമൂലയിലെയും പരിസരത്തെയും കുട്ടികള്‍ക്ക് ഇസ്ലാമിക പഠനത്തിന് സ്വന്തം വീട്ടില്‍ ഇവര്‍ സൗകര്യമൊരുക്കിയിരുന്നു. ഭര്‍ത്താവ് മുഹമ്മദ്കുഞ്ഞും കുട്ടികള്‍ക്ക് ക്ളാസെടുത്തിരുന്നു. അക്കാലത്ത് കരുനാഗപ്പള്ളി പ്രദേശത്ത് മദ്റസാ പഠനത്തിന് സൗകര്യം ലഭിക്കാത്ത പെണ്‍കുട്ടികള്‍ ധാരാളം ഉണ്ടായിരുന്നു. ഇവരെ തേടിപ്പിടിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു ഈ ഉമ്മ.

പ്രായം അതിക്രമിച്ചപ്പോഴാണ് തന്‍െറ വീട്ടിലെ ഓത്തുപള്ളിക്കൂടം നിര്‍ത്തിയത്. അക്കാലത്ത് ഫാത്തിമാകുഞ്ഞിന്‍െറ ഓത്ത് പള്ളിക്കൂടത്തില്‍ ഭക്ഷണവും നല്‍കിയിരുന്നു. അക്കാലത്ത് സമീപത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും സംഘടിപ്പിച്ച് റമദാനില്‍ രാത്രി നമസ്കാരത്തിനും നേതൃത്വം നല്‍കിയിരുന്നു. നാടാലയില്‍ അബ്ദുല്‍ ഖാദിര്‍ കുഞ്ഞ് ലബ്ബ ഉസ്താദിന്‍െറ ശിഷ്യയാണ് ഫാത്തിമാകുഞ്ഞ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.