നന്മകളാല്‍ ധന്യമാക്കുക

നന്മകള്‍ വര്‍ധിപ്പിക്കാനും സ്വയം നന്നാകാനുമുള്ള മാസമാണ് റമദാന്‍. എന്നാല്‍, നാം നന്നാകുന്നുവോ എന്ന് ആത്മപരിശോധന നടത്താന്‍ എന്തുണ്ട് മാര്‍ഗം? സൂഫി ചിന്തകള്‍  രേഖപ്പെടുത്തുന്നു- ഒരാള്‍ നല്ലവനാകണമെങ്കില്‍ അവനില്‍ അഞ്ചു ഗുണങ്ങള്‍ കാണപ്പെടണം.

1. അല്ലാഹുവിനെ ആരാധിക്കുന്ന വിഷയത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുക 2. സൃഷ്ടികള്‍ക്ക് അവന്‍െറ ഉപകാരം പ്രകടമായി ലഭിക്കുക 3. ജനം അവന്‍െറ തിന്മയില്‍നിന്ന് സുരക്ഷിതരാവുക 4. മറ്റൊരാള്‍ക്ക് ലഭിച്ചത് ആഗ്രഹിക്കാതിരിക്കുക 5. മരണത്തിന് ഒരുങ്ങുക. ഇവ ഓരോന്നും നമ്മില്‍ എത്രത്തോളമുണ്ട് എന്നത് നന്മയുടെ അളവുകോലായി നമുക്ക് സ്വീകരിക്കാം. സ്രഷ്ടാവിനു വഴങ്ങല്‍തന്നെയാണ് നന്മകളുടെ ഒന്നാംപാഠം. ആരാധനാവിഷയങ്ങളില്‍ വീഴ്ചവരാതെ കരുതി പ്രവര്‍ത്തിക്കണം. അപ്രകാരം നമ്മെക്കൊണ്ട് കഴിയുന്ന ഉപകാരം ജനങ്ങള്‍ക്ക് ചെയ്തുകൊടുക്കുകയും വേണം.

‘ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവിനോട് നന്ദി കാണിക്കാത്തവനാണ്’ എന്ന നബി വചനം ശ്രദ്ധേയമാണ്. ‘സൃഷ്ടികള്‍ മുഴുവനും അല്ലാഹുവിന്‍െറ കുടുംബമാണ്. അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് അവന്‍െറ ഈ കുടുംബത്തോട് കൂടുതല്‍ ഉപകാരപ്രദമായ സമീപനം സ്വീകരിക്കുന്നവനെയാണ്’ എന്ന ഹദീസ് ഇതിനോട് ചേര്‍ത്തുവായിക്കണം.

അപ്രകാരംതന്നെ സമൂഹത്തില്‍ ഒരു പ്രശ്നത്തിനും നാം കാരണക്കാരാകരുത്. നമ്മുടെ പ്രവര്‍ത്തനഫലമായി ബന്ധങ്ങള്‍ തകരുകയോ തിന്മ വളരുകയോ ചെയ്യാതിരിക്കാന്‍ ബദ്ധശ്രദ്ധനായിരിക്കണം. മറ്റൊരാള്‍ക്ക് ലഭ്യമാകുന്ന സമ്പത്തോ സ്ഥാനമാനങ്ങളോ നാം കൊതിക്കരുത്. അയല്‍വാസിക്കും സുഹൃത്തുക്കള്‍ക്കും നാഥന്‍ നല്‍കുന്ന അനുഗ്രഹത്തെ സന്തോഷത്തോടെ നോക്കിക്കാണാന്‍ കഴിയണം. ബാധ്യതകള്‍ തീര്‍ത്ത് നാളെ മരിക്കാന്‍ തയാറായി ജീവിക്കലാണ് നന്മയുടെ മറ്റൊരു മാനദണ്ഡം.

ഈ പഞ്ചഗുണങ്ങള്‍ ഒരു മനുഷ്യനില്‍ മേളിച്ചാല്‍ അവന്‍ ശ്രേഷ്ഠവാനാണ് എന്നാണ് പണ്ഡിതമതം (തന്‍ബീഹുല്‍ ഗാഫിലീന്‍). ഈ ഗുണങ്ങള്‍ ആര്‍ജിക്കാന്‍ റമദാന്‍ നമുക്ക് പാഠമാകണം. യഹ്യ ബിന്‍ മുആദ് പറയുന്നു: ബുദ്ധിമാന്മാര്‍ മൂന്നു വിഭാഗമാണ്- ‘ഇഹലോകം നമ്മെ ഒഴിവാക്കുംമുമ്പായി ഈ ലോകത്തെ ഒഴിവാക്കുന്നവര്‍, ഖബറില്‍ എത്തുംമുമ്പായി ഖബറിലേക്ക് ഒരുങ്ങുന്നവര്‍, സ്രഷ്ടാവിനെ കണ്ടുമുട്ടുംമുമ്പ് അവനെ തൃപ്തിപ്പെടുത്തുന്നവര്‍’ (മുകാശഫതുല്‍ ഖുലൂബ്).

ഇഹജീവിതത്തില്‍ ലയിച്ചുചേര്‍ന്ന് അടിച്ചുപൊളിച്ച് നടക്കുന്നവര്‍ക്ക് അല്‍പമൊരു ദൈവഭയം നല്‍കാന്‍ റമദാനിലെ വ്രതത്തിന് കഴിയുന്നു. അതിനാല്‍, ഈ മാസം ഒരു പരിശീലനകാലമായി ഗണിച്ച് ബാക്കി 11 മാസത്തെ ജീവിതം ചിട്ടയാര്‍ന്നതാക്കാന്‍ വ്രതമാസം ഉപയോഗപ്പെടുത്തുമ്പോഴാണ് റമദാന്‍ നമുക്ക് ഗുണകരമായി സാക്ഷിയാവുന്നത്. ഇല്ളെങ്കില്‍ ഈ മാസം നമുക്ക് എതിര്‍സാക്ഷിയാകുമെന്ന ചിന്ത നമ്മെ ഉണര്‍ത്തട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.