തിരുവനന്തപുരം: സംസ്ഥാനത്തെ കമ്പോളങ്ങളിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറികള്‍ കര്‍ശനപരിശോധനക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷമയമായ പച്ചക്കറികള്‍ ചെക്പോസ്റ്റില്‍ തടഞ്ഞ് തിരിച്ചയക്കും. അത്തരം വ്യാപാരികള്‍ക്ക് പിന്നീട് കേരളത്തില്‍ വിപണനം നടത്താന്‍ ലൈസന്‍സ് നല്‍കില്ല. നമ്മുടെ തീന്‍മേശകളില്‍ വിഷം വിളമ്പാന്‍ ആരെയും അനുവദിക്കില്ല.
എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘കാമ്പസ് ജൈവപച്ചക്കറിത്തോട്ടം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യൂനിവേഴ്സിറ്റി കോളജ് വളപ്പില്‍ വാഴക്കന്ന് നട്ടായിരുന്നു ഉദ്ഘാടനം. കാമ്പസ് പച്ചക്കറിത്തോട്ടങ്ങളുടെ പുരോഗതി നിരീക്ഷിക്കാന്‍ താന്‍ കലാലയങ്ങളില്‍ വരാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മനുഷ്യരുടെ ലാഭക്കൊതിയാണ് പച്ചക്കറികളെ വിഷമയമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജൈവകൃഷിയുടെ പ്രാധാന്യമേറുന്നത്. ഇന്ന് മട്ടുപ്പാവില്‍കൃഷി വ്യാപകമാണ്. എന്നാല്‍, നമുക്ക് ആവശ്യമായത്രയും പച്ചക്കറി ഉല്‍പാദിപ്പിച്ചെടുക്കാന്‍ സാധിക്കുന്നില്ല. കാര്‍ഷികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ 50,000 ഹെക്ടറില്‍ ജൈവപച്ചക്കറികൃഷി ആരംഭിക്കും. ഇതിന് സമൂഹത്തിന്‍െറ വിവിധകോണുകളില്‍നിന്ന് സഹായസഹകരണം ലഭ്യമാകേണ്ടതുണ്ട്. സാമൂഹികനന്മ ലക്ഷ്യമിട്ടുള്ള വിദ്യാര്‍ഥികളുടെ പരിശ്രമം അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി. തോമസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മുരുകന്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.