തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സഹകരണ ഗജകേസരി പട്ടം; ചടങ്ങ് തടയണമെന്ന് കേന്ദ്ര മൃഗക്ഷേമബോര്‍ഡിന് നിവേദനം

തൃശൂര്‍: കേരളത്തിലെ കരിവീരച്ചന്തമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഗജകേസരി പട്ടം. കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് സിറ്റി സര്‍വിസ് കോഓപറേറ്റിവ് ബാങ്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ‘സഹകരണ ഗജകേസരി പട്ടം’ പദവി നല്‍കി ആദരിക്കാനൊരുങ്ങുന്നത്. ഈ മാസം 11ന് വൈകീട്ട് നാലിന് ചാലപ്പുറത്തെ ബാങ്കിന്‍െറ ആസ്ഥാന മന്ദിര അങ്കണത്തില്‍ നടക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്. മാടമ്പ് കുഞ്ഞുക്കുട്ടന്‍, സഹകരണ വകുപ്പില്‍ നിന്നും അഡീഷനല്‍ രജിസ്ട്രാറായി വിരമിക്കുന്ന കെ.വി. സുരേഷ്ബാബു എന്നിവരെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും ആദരിക്കുന്നത്. എന്നാല്‍, ആളുകളെ ആദരിക്കുന്ന ചടങ്ങിലേക്ക് തൃശൂരില്‍നിന്ന് അന്ധനായ ആനയെ എത്തിക്കുന്നത് ക്രൂരതയായതിനാല്‍ ഇത് തടയണമെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ്  കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറിയോട്  പരാതിയില്‍ ആവശ്യപ്പെട്ടു.

ആനയുടെ രണ്ട് കണ്ണിനും അന്ധത ബാധിച്ചിട്ടുണ്ടെന്ന  വെറ്ററിനറി റിപ്പോര്‍ട്ട് സഹിതമാണ് പരാതി. തൃശൂരില്‍ നിന്നും ആറ് മണിക്കൂറോളം യാത്ര ചെയ്യിച്ച് വേണം ആനയെ കോഴിക്കോട്ട് എത്തിക്കാന്‍. ഈ സമയമത്രയും തീറ്റയും വെള്ളവുമില്ലാതെ ആന ലോറിയില്‍ നില്‍ക്കേണ്ടി വരുന്നത് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്‍െറ ലംഘനമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ ആന ഇതുവരെ വിവിധ ഉത്സവസ്ഥലങ്ങളില്‍ ഇടഞ്ഞോടി നാല് സ്ത്രീകളെയടക്കം 11 മനുഷ്യരെയും, മൂന്ന് ആനകളെയും കൊലപ്പെടുത്തിയിട്ടുണ്ട്. കൊലപാതക പ്രവണതയുള്ള ആനകളെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് 2013 മാര്‍ച്ച് 20ന് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. 

2013ല്‍ എറണാകുളത്തെ പെരുമ്പാവൂരിലെ തൈപ്പൂയ ആഘോഷത്തിനിടെ ആന ഇടഞ്ഞോടി സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ പെരുമ്പാവൂര്‍ കോടതി 30 ലക്ഷം രൂപയുടെ ബോണ്ട് ഈടാക്കിയാണ് നാല്‍പത്തിയൊന്ന് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ആനയെ വിട്ടു കൊടുത്തത്. ഇതിന് ശേഷമായിരുന്നു കൊലപാതക പ്രവണതയുള്ള ആനകളെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മനുഷ്യരെ ആദരിക്കുന്ന ചടങ്ങില്‍ ആനയെ പങ്കെടുപ്പിക്കുന്നത് ചടങ്ങ് നടത്തുന്നവര്‍ക്ക്  പ്രശസ്തിക്ക് വേണ്ടിയാണെന്നും സഹകരണ കേസരി പട്ടം നല്‍കുന്നതു കൊണ്ട് ആനക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ളെന്നുമിരിക്കെ, മാര്‍ക്കറ്റിങ് തന്ത്രമാണ് പരിപാടിക്ക് പിന്നിലെന്ന് നിവേദനം കുറ്റപ്പെടുത്തുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.