കോഴിക്കോട് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി: പ്രവര്‍ത്തകര്‍ക്കിടയില്‍ ഹിതപരിശോധന

കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയെ കണ്ടത്തൊന്‍ ജില്ലയിലെ പ്രവര്‍ത്തകസമിതി അംഗങ്ങളുടെ ഹിതപരിശോധന. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ഞായറാഴ്ച ലീഗ് ഹൗസില്‍ ഹിതപരിശോധന നടത്തിയത്. കൊടുവള്ളിയില്‍ മത്സരിക്കാനായി എം.എ. റസാഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച ഒഴിവില്‍ പകരക്കാരനെ കണ്ടത്തൊന്‍ ജില്ലാ നേതൃത്വത്തിന് കഴിയാതെപോയ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്.

ലീഗ് ഹൗസില്‍ രാവിലെ പ്രവര്‍ത്തക സമിതി ചേര്‍ന്നശേഷം ഓരോ അംഗങ്ങളെയും പ്രത്യേകം വിളിച്ച് അഭിപ്രായമാരാഞ്ഞു. വി.എം. ഉമ്മര്‍, എം.എ. റസാഖ്, സി.പി. ചെറിയമുഹമ്മദ് എന്നീ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. കൂടുതല്‍ പിന്തുണ ലഭിച്ചത് വി.എം. ഉമ്മറിനാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. എം.എ. റസാഖും വി.എം. ഉമ്മറും നിയമസഭാ തെരഞ്ഞെടുപ്പില്‍ യഥാക്രമം കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ പരാജയപ്പെട്ടവരാണ്. എം.എ. റസാഖിനു ജനറല്‍ സെക്രട്ടറി പദം തിരിച്ചേല്‍പിക്കണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. തോറ്റ രണ്ടുപേരെയും മാറ്റിനിര്‍ത്തി ചെറിയ മുഹമ്മദിനെ ജനറല്‍ സെക്രട്ടറി ആക്കണമെന്ന വാദക്കാരുമുണ്ട്. കെ.പി.എ. മജീദും കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം പാണക്കാട്ടുനിന്നാണ് പ്രഖ്യാപനമുണ്ടാവുക.

കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ വിജയിച്ച പാറക്കല്‍ അബ്ദുല്ല ജില്ലാ ട്രഷറര്‍ സ്ഥാനം രാജിവെച്ച ഒഴിവില്‍ പുതിയ ആളെ കണ്ടത്തൊനുള്ള ഹിതപരിശോധനയും ഇതോടൊപ്പം നടത്തി. പി. ശാദുലി, എന്‍.സി. അബൂബക്കര്‍, എസ്.വി. കുഞ്ഞിമുഹമ്മദ് എന്നീ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. 

കൊടുവള്ളി തോല്‍വി: അന്വേഷണം തുടങ്ങി

കൊടുവള്ളി നിയമസഭാമണ്ഡലത്തിലെ പരാജയം അന്വേഷിക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ കമ്മിറ്റി ഞായറാഴ്ച കൊടുവള്ളി നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങളില്‍നിന്ന് തെളിവെടുത്തു. കെ.എന്‍.എ. ഖാദറിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റി ലീഗ് ഹൗസില്‍ 50ഓളം പ്രവര്‍ത്തകരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. തെളിവ് കൊടുത്തവരില്‍ എം.എ. റസാഖും വി.എം ഉമ്മറും ഉള്‍പ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.