പൊലീസ് വിട്ടയച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു; കസ്റ്റഡിമര്‍ദനമെന്ന് ബന്ധുക്കള്‍

പാലാ: സംശയാസ്പദ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് വിട്ടയച്ചശേഷം ആശുപത്രിയില്‍ മരിച്ചു. കിടങ്ങൂര്‍ വാലേപീടികക്ക് സമീപം വാടകക്ക് താമസിക്കുന്ന ചക്കുപാറയില്‍ ജെയിംസിന്‍െറ മകന്‍ റോബിനാണ് (29) മരിച്ചത്. കിടങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് മിക്സിങ് സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു റോബിന്‍. കസ്റ്റഡിമര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തത്തെി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇവര്‍ പാലാ ആര്‍.ഡി.ഒക്ക് പരാതി നല്‍കി.സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി കിടങ്ങൂര്‍ ടൗണില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട റോബിനെ പട്രോളിങ്ങിനിടെ കിടങ്ങൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

 രാത്രിതന്നെ ഇയാളുടെ വീട്ടില്‍ വിവരമറിയിക്കുകയും ചെയ്തു. ഇയാള്‍ മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പിതാവ് ജയിംസും ജോലിചെയ്യുന്ന സ്ഥാപനത്തിന്‍െറ ഉടമ ജോമോനും സ്റ്റേഷനിലത്തെി റോബിനെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോബിനെ ഇരുവരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിക്കുകയായിരുന്നു.
 ശനിയാഴ്ച ഉച്ചക്ക് 1.45ഓടെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ച റോബിന്‍ വൈകുന്നേരം 6.30ഓടെ മരിച്ചു.
അമിത മദ്യലഹരിയിലായിരുന്ന റോബിനെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.

സി.ഐ ബാബു സെബാസ്റ്റ്യന്‍െറ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മാനസികവിഭ്രാന്തിയിലായിരുന്നു റോബിനെ ആശുപത്രിയിലത്തെിച്ചതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് റോബിന്‍െറ സഹോദരന്‍ കുമ്മണ്ണൂര്‍ സ്വദേശി എബിന്‍ മജിസ്ട്രേറ്റിനും പാലാ ആര്‍.ഡി.ഒക്കും പരാതി നല്‍കിയത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസിനെ മാറ്റിനിര്‍ത്തി പാലാ ആര്‍.ഡി.ഒയുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. മാതാവ്: റോസമ്മ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.