നിലമ്പൂര്‍: ആദിവാസി യുവതിയെ കാറില്‍ കൊണ്ടുപോയി മദ്യം നല്‍കി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കരുളായി സ്വദേശി ജീപ്പ് ഡ്രൈവര്‍ ചള്ളിപ്പാടന്‍ മുഹമ്മദ് എന്ന ചെറി (43), മമ്പാട് സ്വദേശികളായ പൈക്കാടന്‍ ഫിറോസ് എന്ന പുട്ട് ഫിറോസ് (32), കൊന്നക്കോടന്‍ അസ്കറലി എന്ന നാണി (27), കാരിക്കുന്ന് ജംഷീര്‍ (27) എന്നിവരാണ് പിടിയിലായത്. മഞ്ചേരി സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ മറ്റു മൂന്ന് പ്രതികള്‍ കൂടി ഉള്ളതായി പൊലീസ് പറഞ്ഞു. ഇതില്‍ രണ്ട് പേര്‍ വിദേശത്തും നാട്ടിലുള്ള ഒരാള്‍ ഒളിവിലുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ: രണ്ടര വര്‍ഷം മുമ്പ് കരുളായി ഉള്‍വനത്തില്‍ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട 22കാരിയെ ജീപ്പ് ഡ്രൈവറായ മുഹമ്മദ് എന്ന ചെറി മദ്യം നല്‍കി വനത്തില്‍വെച്ച് പലവട്ടം പീഡിപ്പിച്ചു. ഇതില്‍ യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഒന്നര ആഴ്ച മുമ്പ് മമ്പാട് സ്വദേശിയായ ഫിറോസ് വാടകയ്ക്കെടുത്ത കാറില്‍ യുവതിയെ കടത്തിക്കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം താളിപൊയില്‍, രാമംകുത്ത് എന്നിവിടങ്ങളിലെ വീടുകളിലും നിലമ്പൂരിലെ ലോഡ്ജിലും പീഡനത്തിനിരയാക്കി. കൂടെ ഉണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഭക്ഷണം വാങ്ങാന്‍ പറഞ്ഞയച്ചാണ് ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചത്. ശേഷം മമ്പാട്ടെ സുഹൃത്തുക്കളായ അസ്കറലി, ജംഷീര്‍ എന്നിവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി യുവതിയെ കാഴ്ചവെച്ചു.
ഗള്‍ഫിലുള്ള സുഹൃത്ത് വഴിയാണ് ഫിറോസ് യുവതിയെ പരിചയപ്പെട്ടത്. ഗള്‍ഫിലായിരുന്ന ഫിറോസ് നിരന്തരം യുവതിയുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. ഗള്‍ഫില്‍നിന്ന് വന്ന ശേഷം വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും നല്‍കാനാണെന്ന് പറഞ്ഞാണ് കുടുംബവീട്ടിലായിരുന്ന യുവതിയെ ഫിറോസ് കാറില്‍ കയറ്റിക്കൊണ്ടുപോന്നത്. യുവതിയെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജില്ലയിലെ നാല് മോഷണക്കേസുകളില്‍ പ്രതിയാണ് അസ്കറലി. ജില്ലാ പൊലീസ് മേധാവി കെ. വിജയന്‍െറ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എ. വര്‍ഗീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സി.ഐ ടി. സജീവന്‍, പാണ്ടിക്കാട് സി.ഐ ദേവസ്യ, പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗന്‍, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.