കല്‍പറ്റയെ മുള്‍മുനയില്‍ നിര്‍ത്തി മരമുകളില്‍ ബഷീറിന്‍െറ സമരം

കല്‍പറ്റ: മുറിച്ചുതുടങ്ങിയ മരത്തിന്‍െറ പാതിജീവന്‍ കാക്കാന്‍ പരിസ്ഥിതിപ്രവര്‍ത്തകന്‍െറ സാഹസികത നഗരത്തെ ഉദ്വേഗത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തി. കല്‍പറ്റ ജനറല്‍ ആശുപത്രിക്ക് മുന്നിലെ കൂറ്റന്‍ അയനി മരം മുറിക്കുന്നതിനെതിരെ പുത്തൂര്‍ വയല്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ നാലകത്ത് വീട്ടില്‍ അബ്ദുല്‍ ബഷീറെന്ന, ബഷീര്‍ ആനന്ദ് ജോണാണ് മരത്തിന് മുകളില്‍ പ്രതിഷേധിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും ആവശ്യപ്പെട്ടിട്ടും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ബഷീര്‍ മണിക്കൂറുകള്‍ക്കുശേഷം നാട്ടുകാരുടെ അഭ്യര്‍ഥന മാനിച്ച് താഴെയിറങ്ങുകയായിരുന്നു. രാവിലെ ആശുപത്രിയില്‍ ചികിത്സക്കത്തെിയ ഇയാള്‍ കാണുന്നത് മരത്തിനുമുകളില്‍ യന്ത്രംകൊണ്ട് മുറിക്കുന്നതാണ്. ഉടന്‍ ബാഗ് അടുത്ത കുറ്റിയില്‍ തൂക്കി ഷൂ അഴിച്ച് വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ച് മരത്തിനു മുകളില്‍ കയറി. ഇതോടെ മെഷീനുമായി മുകളില്‍നിന്ന് മരംവെട്ടുകാര്‍ താഴെയിറങ്ങിയെങ്കിലും ഇദ്ദേഹം മരത്തില്‍തന്നെയിരുന്നു. വിവരമറിഞ്ഞ് ജനം ഒഴുകിയത്തെിയതോടെ മരം സംരക്ഷിക്കേണ്ടതിന്‍െറ പ്രാധാന്യത്തെക്കുറിച്ചും ഭരണകൂടങ്ങളുടെ അനാസ്ഥയെക്കുറിച്ചും ഇദ്ദേഹം വാചാലനായി. കല്‍പറ്റ എസ്.ഐ സന്തോഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരവധി തവണ ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
അരമണിക്കൂറോളം തുടര്‍ന്ന പ്രസംഗം അവസാനിപ്പിച്ച് ശാന്തനായി മരക്കൊമ്പില്‍തന്നെ ഇരുന്നു. പിന്നീട് മുഴുവന്‍ സമയം ഫോണിലുള്ള നയതന്ത്ര അനുരജ്ഞന ചര്‍ച്ചകളിലായിരുന്നു. താഴെയിറക്കുന്നതിന് പൊലീസ് പലപ്രാവശ്യം ഇടപെട്ടെങ്കിലും വഴങ്ങിയില്ല. അവസാനം ഫയര്‍ഫോഴ്സത്തെി പിടിച്ചിറക്കാന്‍തന്നെ തീരുമാനിച്ചു. കോണിവെച്ചതോടെ മുകളില്‍നിന്ന് കാലുകൊണ്ട് തട്ടിമാറ്റാന്‍ തുടങ്ങി. മരം സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി സൂചനാസമരത്തിലാണെന്നും സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ രണ്ടുപേര്‍ കോണിയില്‍ മുകളിലേക്ക് കയറാന്‍ തുടങ്ങിയതോടെ ഇരുന്ന കൊമ്പ് വിട്ട് ദുര്‍ബലമായ വള്ളിപ്പടര്‍പ്പുകളില്‍ പിടിച്ച് വീണ്ടും മുകളിലേക്ക് കയറാന്‍ തുടങ്ങി. അപായം മണത്ത് ഫയര്‍ഫോഴ്സ് ടീം തിരിച്ചിറങ്ങിയതോടെ ബഷീര്‍ പഴയസ്ഥലത്തുതന്നെ ഇരുന്നു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ മൂന്നുമണിക്ക് ചര്‍ച്ച ചെയ്യാമെന്ന് ഫോണില്‍ ഇയാളെ അറിയിച്ചു. അതോടെ മൂന്നുമണിവരെ മരത്തിനുമുകളില്‍ തുടരുമെന്നായി. ഇതിനിടെ, ആശുപത്രി പരിസരത്തെ രോഗികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇയാള്‍ താഴെയിറങ്ങാന്‍ തയാറായത്.
പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് ബഷീറിനെതിരെ കേസെടുത്ത കല്‍പറ്റ പൊലീസ് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.