ഗീതാ ഗോപിനാഥിന്‍െറ നിയമനം: എതിര്‍പ്പുമായി വി.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. നിയമനം പുന$പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന, കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് ഈ നിയമനത്തില്‍ കടുത്ത അതൃപ്തി നിലനില്‍ക്കെയാണ് വി.എസിന്‍െറ കത്ത്. അതേസമയം സി.പി.എം കേന്ദ്ര നേതാക്കള്‍ക്കും ഇടതു ബുദ്ധിജീവികള്‍ക്കുമിടയില്‍ നിയമനത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ടെങ്കിലും മറിച്ചൊരു നിലപാട് എടുക്കുക കേന്ദ്ര നേതൃത്വത്തിനും ബുദ്ധിമുട്ടാവും.

ആഗോളീകരണത്തിന്‍െറ ശക്തയായ വക്താവാണ് ഗീതാഗോപിനാഥെന്ന് വി.എസ് കത്തില്‍ വ്യക്തമാക്കുന്നു. അത്തരത്തിലുള്ള ഒരാളെ എല്‍.ഡി.എഫ് സര്‍ക്കാറിനു കീഴില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചത് ശരിയല്ല. അവര്‍ നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ സാമ്പത്തിക നയങ്ങളെ അനുകൂലിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും നവ ഉദാരീകരണ സാമ്പത്തിക നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും കേന്ദ്രനേതൃത്വത്തെ കത്തില്‍ ഓര്‍മിപ്പിക്കുന്നു.

സി.പി.എം പി.ബി യോഗം ചേരാനിരിക്കെയാണ് വി.എസ് കത്തയച്ചിരിക്കുന്നത്. അതേസമയം ഗീതാഗോപിനാഥിന്‍െറ നിയമനത്തെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തി. ഗീതയെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് പാര്‍ട്ടിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏതെങ്കിലും ഉപദേശകന്‍ ഉപദേശിച്ചാല്‍ മാറുന്നതല്ല പാര്‍ട്ടി നയമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ശക്തമായ വിഭാഗവും പിണറായിയുടെ നിലപാടിനൊപ്പമാണ്. ആഗോള സമ്പദ്വ്യവസ്ഥയിലും വിപണിയിലും വരുന്ന മാറ്റങ്ങളും വികാസങ്ങളും അറിയുകയും സംസ്ഥാന താല്‍പര്യത്തിന് അനുസരിച്ച് നിലപാടെടുക്കുകയും ചെയ്യുന്നതിന് വിദഗ്ധരുടെ ഉപദേശം തേടുക ഇക്കാലത്ത് നിര്‍ണായകമാണ്.

സര്‍ക്കാര്‍ ഇടതുപക്ഷ നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ടോയെന്നതാണ് പരിശോധിക്കേണ്ടത്. ആ സമയത്ത് മാത്രമാണ് വിഷയം ചര്‍ച്ച ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ ഇതിനകം തന്നെ പിണറായിയും സംസ്ഥാന നേതൃത്വവും നിലപാട് അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.