മൂന്ന് വകുപ്പില്‍ കൊടിയ അഴിമതി; വിജിലന്‍സ് ഡയറക്ടര്‍ കത്തയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സുപ്രധാന വകുപ്പില്‍ കൊടിയ അഴിമതിയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. പൊതുജനങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തില്‍ അഴിമതി വ്യാപിച്ചുകിടക്കുകയാണെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് വകുപ്പുകളാണ് അഴിമതിയില്‍ കുളിച്ചുകിടക്കുന്നതെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു.

ആരോഗ്യം, സാമൂഹികനീതി വകുപ്പുകളുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയുണ്ടെന്നും കത്തില്‍ പറയുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശത്തത്തെുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ മൂന്നു ജില്ലയിലെ വസ്ത്രശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലും തൊഴില്‍നിയമങ്ങള്‍ പാലിക്കപ്പെടാത്തതിനാലും വസ്ത്രശാലകളിലെ സ്ത്രീകള്‍ വെരിക്കോസ് വെയിന്‍, മൂത്രാശയ അണുബാധ, സന്ധി തേയ്മാനം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നെന്നാണ് മനുഷ്യാവകാശ കമീഷന്‍െറ വിലയിരുത്തല്‍.

മിക്കയിടങ്ങളിലും ജീവനക്കാര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങള്‍ ലഭ്യമല്ല. ജീവനക്കാര്‍ക്ക് ഇരിക്കാന്‍ കസേര നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാറില്ല. കസേര നല്‍കിയാലും ഇരിക്കാന്‍ അനുവദിക്കില്ല. ശൗചാലയങ്ങളില്‍ പോകണമെങ്കില്‍ സൂപ്പര്‍വൈസറുടെ അനുമതി വേണം. മേലുദ്യോഗസ്ഥനോട് അനുമതി തേടാന്‍ മടിച്ച് സ്ത്രീകള്‍ ഇത് ചെയ്യാറില്ളെന്നും മനുഷ്യാവകാശ കമീഷന് പരാതി ലഭിച്ചിരുന്നു.

തൊഴില്‍നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാടേ അട്ടിമറിച്ച് പ്രവര്‍ത്തിക്കുന്ന വസ്ത്രശാലകള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഒത്താശ ലഭിക്കുന്നുണ്ടെന്നും കമീഷന്‍ വിലയിരുത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടി ആവശ്യപ്പെട്ട് കമീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് മാസങ്ങളായിട്ടും നടപടി കൈക്കൊണ്ടിരുന്നില്ല. രാഷ്ട്രീയ ഇടപെടലായിരുന്നു പ്രശ്നകാരണം. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ വിഷയത്തില്‍ ഇടപെട്ടത്.

പരിശോധനയില്‍ കണ്ടത്തെിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസസ് വകുപ്പുകളിലെ ഫയലുകള്‍ പരിശോധിക്കാന്‍ ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരിട്ട് പങ്കില്ളെങ്കിലും ആരോഗ്യം, സാമൂഹികനീതി വകുപ്പുകളുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് കത്തയക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച മിന്നല്‍ പരിശോധന നടന്നത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ മറ്റ് ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.