സന്തോഷ് മാധവനെ ജയില്‍ ആശുപത്രി സഹായി സ്ഥാനത്തുനിന്ന് ഉടന്‍ മാറ്റണമെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ സന്തോഷ് മാധവനെ ജയില്‍ ആശുപത്രിയിലെ സഹായി എന്ന ജോലിയില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
സന്തോഷ് മാധവനും ജയില്‍ ഡോക്ടറും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ തടവുകാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന് സെന്‍ട്രല്‍ ജയിലിന് പുറത്തുള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നതില്‍ ജയില്‍ ഡോക്ടറുടെ ഭാഗത്ത് അലംഭാവം ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സന്തോഷ് മാധവന്‍െറ സ്വാധീനത്തിന് വഴങ്ങി ജയില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിക്ടര്‍ ദന്തചികിത്സക്കുള്ള അവസരം നിഷേധിച്ചെന്നാരോപിച്ച് സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ സാബു ഡാനിയേല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ജയില്‍ വകുപ്പ് മേധാവി ഇതുസംബന്ധിച്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കമീഷന്‍ തള്ളി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള അന്വേഷണറിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കരുതെന്ന് ജസ്റ്റിസ് ജെ.ബി. കോശി മുന്നറിയിപ്പ് നല്‍കി. കമീഷനില്‍ പരാതി നല്‍കിയ സാബു നാല് കേസുകളില്‍ പ്രതിയാണെന്നാണ് ജയില്‍ മേധാവിയുടെ പ്രധാന ആരോപണം. അത് പരാതിക്കാരന്‍െറ അവകാശങ്ങള്‍ ലംഘിക്കാനുള്ള കാരണമല്ളെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. സംഭവം സംബന്ധിച്ച് കമീഷന്‍െറ അന്വേഷണവിഭാഗത്തിലെ എസ്.പിയായ ബേബി എബ്രഹാമും അന്വേഷണം നടത്തിയിരുന്നു. തടവുകാര്‍ക്ക് യഥാസമയം ചികിത്സ ലഭിക്കാതെ അപകടം സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനും ജയില്‍ അധികൃതര്‍ക്കുമാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ജയിലിനുള്ളിലെ ആശുപത്രിയിലും ക്ളിനിക്കിലും യോഗ്യരായ പുരുഷനഴ്സുമാരെ നിയമിക്കണം. തടവുകാരെ പുറത്തുകൊണ്ടുപോകാന്‍ വലിയ വാഹനം ലഭ്യമാക്കണം. തടവുകാരെ യഥാസമയം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. 727 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ 1300ലേറെ തടവുകാരുണ്ട്. ഇതനുസരിച്ചുള്ള സൗകര്യങ്ങളും ജീവനക്കാരും ആവശ്യമാണ്. മാസത്തിലൊരിക്കലെങ്കിലും തടവുകാരെ പരിശോധിച്ച് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ സേവനം ജയിലില്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പരാതി നല്‍കിയതിന്‍െറ പേരില്‍ സാബു ഡാനിയേലിനെതിരെ പ്രത്യക്ഷമായോ പരോക്ഷമായോ നടപടിയെടുക്കരുതെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു. ഉത്തരവ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ജയില്‍ മേധാവിക്കും ജയില്‍ സൂപ്രണ്ടിനും അയക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.