കാബിനറ്റ് തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണം –ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കാബിനറ്റ് തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങുന്ന മുറക്ക് പരസ്യപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ ഉത്തരവിന്‍െറ രൂപത്തില്‍ മാത്രമായിരിക്കണം. തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ച് ഉത്തരവായി ഇറക്കുന്നതുവരെ രഹസ്യരേഖയായി തുടരും. കഴിയുമെങ്കില്‍ ഉത്തരവിറങ്ങുന്ന ദിവസംതന്നെ സര്‍ക്കാര്‍ വെബ്സൈറ്റിലടക്കം പ്രസിദ്ധീകരിക്കണമെന്നും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശംനല്‍കി. പരസ്യപ്പെടുത്തുന്നതിനൊപ്പം ഉത്തരവിന്‍െറ പകര്‍പ്പ് പൊതുഭരണവകുപ്പിനും നല്‍കണം.

മന്ത്രിസഭ ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുത്താല്‍ അത് 48 മണിക്കൂറിനകം പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ. മന്ത്രിസഭാതീരുമാനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കണമെന്ന മുഖ്യ വിവരാവകാശ കമീഷണറുടെ വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്ന ഘട്ടത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. നിലവിലെ വ്യവസ്ഥകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ പുതിയ സര്‍ക്കുലര്‍. സെക്രട്ടേറിയറ്റ് മാന്വലില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന നിര്‍ദേശം ഉത്തരവില്‍ ആവര്‍ത്തിക്കുന്നുമുണ്ട്.

മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് വിവരാവകാശ കമീഷനും സര്‍ക്കാറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശനിയമമനുസരിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് ചീഫ്സെക്രട്ടറി കൈമാറണമെന്ന വിവരാവകാശ കമീഷന്‍െറ ഉത്തരവില്‍ വ്യക്തതവരുത്താന്‍ ഹൈകോടതിയെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതില്‍ മാറ്റംവന്നിട്ടില്ളെങ്കിലും നേരിയതോതില്‍ അയവുവരുത്തിയെന്ന സൂചനയാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.