സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ 56.76 ശതമാനം മെറിറ്റ് സീറ്റും ഒഴിഞ്ഞുതന്നെ

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശത്തിനുള്ള അവസാന അലോട്ട്മെന്‍റ് പൂര്‍ത്തിയായിട്ടും സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ 56.76 ശതമാനം സീറ്റിലേക്കും ആളില്ല. മൂന്നാം അലോട്ട്മെന്‍റ് അനുസരിച്ചുള്ള  പ്രവേശനടപടികള്‍ ഈമാസം 25ന് അവസാനിക്കുന്നതോടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ഇനിയും കൂടും. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ ആകെയുള്ള 24468 സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ 10538 എണ്ണത്തിലേക്കാണ് അലോട്ട്മെന്‍റായത്. ഒഴിഞ്ഞുകിടക്കുന്നത് 13930 എണ്ണമാണ്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശം നേടാത്തവരുടെ എണ്ണം 25ന് ശേഷമേ വ്യക്തമാകൂ.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന് ഉറപ്പായി.കഴിഞ്ഞവര്‍ഷം 14000 മെറിറ്റ് സീറ്റാണ് സ്വാശ്രയ കോളജുകളില്‍ ഒഴിഞ്ഞുകിടന്നത്. മൂന്ന് എയ്ഡഡ് കോളജുകളിലെ മുഴുവന്‍ സീറ്റിലേക്കും 21 സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ 6983 മെറിറ്റ് സീറ്റില്‍ 5557 എണ്ണത്തിലേക്കും അലോട്ട്മെന്‍റായി. ഒഴിവുള്ളത് 1426 സീറ്റ്. ഒമ്പത് സര്‍ക്കാര്‍ കോളജുകളില്‍ വയനാട് ഗവ. എന്‍ജിനീയറിങ് കോളജില്‍ ആറും കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജില്‍ രണ്ടും സീറ്റിലേക്ക് അലോട്ട്മെന്‍റ് നടത്തിയിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലായി ആകെയുള്ള മെറിറ്റ് സീറ്റ് 5010 ആണ്. ഇതില്‍ 5002ലേക്കും അലോട്ട്മെന്‍റായി. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ കോളജുകളിലെ ആകെയുള്ള 36362 മെറിറ്റ് സീറ്റില്‍ 21097 സീറ്റിലേക്കാണ് അലോട്ട്മെന്‍റായത്. നാലുതരം കോളജുകളിലുമായി അലോട്ട്മെന്‍റില്ലാത്തത് 15265 സീറ്റിലേക്കാണ്.

15ഓളം സ്വകാര്യ സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തവണത്തെ അലോട്ട്മെന്‍റ്. ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത കോളജുകള്‍ നടത്തിക്കൊണ്ടുപോകല്‍ പ്രയാസകരമായിരിക്കും.ഒരു മെറിറ്റ് സീറ്റിലേക്ക് മാത്രം അലോട്ട്മെന്‍റ് ലഭിച്ചവക്കുപുറമെ, അഞ്ച് കോളജുകളിലേക്ക് 10ല്‍ താഴെ സീറ്റിലേക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലേക്ക് നിശ്ചയിച്ച മൂന്ന് അലോട്ട്മെന്‍റുകളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതിനുശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്താന്‍ പിന്നീട് അവസരമുണ്ടാകില്ല.
എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലും സീറ്റുകള്‍ ഒഴിവാണെങ്കില്‍ തുടര്‍ അലോട്ട്മെന്‍റുകളോ സ്പോട്ട് അലോട്ട്മെന്‍േറാ നടത്താം. കൂടുതല്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ഇവയിലേക്ക് നാലാം അലോട്ട്മെന്‍റ് നടത്താനാണ് പ്രവേശ പരീക്ഷാ കമീഷണറേറ്റിന്‍െറ തീരുമാനം.


മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പ്രവേശം വേണ്ടെന്നുവെക്കുന്നത് വഴിയും സീറ്റ് ഒഴിവുവരും. എന്‍ജിനീയറിങ് പ്രവേശത്തിന് അലോട്ട്മെന്‍റ് സമര്‍പ്പിച്ച കുട്ടികളുടെ എണ്ണത്തിലും ഇത്തവണ വന്‍ കുറവാണുണ്ടായത്. മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ ആകെ ഓപ്ഷന്‍ സമര്‍പ്പിച്ചത് 28261 പേര്‍ മാത്രം. 55914 പേര്‍ പ്രവേശപരീക്ഷയില്‍ യോഗ്യത നേടിയപ്പോഴാണിത്. അതായത് യോഗ്യത നേടിയിട്ടും 27653 പേര്‍ എന്‍ജിനീയറിങ് പ്രവേശം വേണ്ടെന്നുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.