നാടുവിട്ടവര്‍ക്ക് മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമില്ല –നദ് വത്തുല്‍ മുജാഹിദീന്‍

കോഴിക്കോട്: ദൈവരാജ്യം അന്വേഷിച്ച് നാടുവിട്ടതായി ആരോപിക്കപ്പെടുന്നവര്‍ക്ക് മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമില്ളെന്ന് മര്‍കസുദ്ദഅ്വ ആസ്ഥാനമായ കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി എം. സലാഹുദ്ദീന്‍ മദനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗദിയും ഖത്തറും ഐ.എസിനെ വിലക്കിയിട്ടുണ്ട്. ആത്മീയ തീവ്രവാദത്തെ മുജാഹിദ് പ്രസ്ഥാനത്തിന്‍െറ തലയില്‍ കെട്ടിവെക്കാനാണ് ഗൂഢശ്രമം. 2002ലെ ഭിന്നതക്കുശേഷം സംഘടനയില്‍നിന്ന് വേറിട്ടുപോയവര്‍ക്കാണ് ഇവരുമായി ബന്ധം എന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്.

ആദര്‍ശ വ്യതിയാനം ആരോപിച്ച് സംഘടനയുടെ യുവവിഭാഗമായ ഐ.എസ്.എമ്മിനെ പിരിച്ചുവിട്ട് രൂപവത്കൃതമായ അഡ്ഹോക് കമ്മിറ്റിയില്‍പെട്ടവരാണ് നവ സലഫിസത്തിന്‍െറ പേരില്‍ ആത്മീയ തീവ്രവാദത്തില്‍ എത്തിപ്പെട്ടത്. ജനാധിപത്യ മതേതര ഭരണകൂടം നിലനില്‍ക്കുന്ന ഇന്ത്യയെയും കേരളത്തെയും ദാറുല്‍ ഹര്‍ബോ (ശത്രുരാജ്യം) ദാറുല്‍ കുഫ്റോ (നിഷേധികളുടെ രാജ്യം) ആയി കണ്ട് പലായനം ചെയ്യുന്നത് വിഡ്ഢിത്തമാണ്. കേരളത്തില്‍നിന്ന് കാണാതായവര്‍ പോയതായി സംശയിക്കുന്നത് സലഫി ആശയധാരയുള്ള സൗദി അറേബ്യയിലേക്കോ ഖത്തറിലേക്കോ അല്ല. യാഥാസ്ഥിതിക സംഘടനകളും മതരാഷ്ട്ര സംഘടനകളും ബന്ധം പുലര്‍ത്തുന്ന ഇറാന്‍, യമന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.

ആഗോളതലത്തില്‍ നടക്കുന്ന എല്ലാവിധ തീവ്രവാദ- ഭീകരവാദ പ്രവര്‍ത്തനങ്ങളെയും സലഫി സംഘടനകളുമായി ബന്ധപ്പെടുത്തുന്ന സാമ്രാജ്യത്വ അജണ്ട അതേപടി പ്രചരിപ്പിക്കുകയാണ് യാഥാസ്ഥിതിക സംഘടനകളും ചില മാധ്യമങ്ങളും. മുജാഹിദ് പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കാനുള്ള യാഥാസ്ഥിതിക സംഘടനകളുടെ നീക്കം തലമറന്ന് എണ്ണതേക്കലാണെന്നും സലാഹുദ്ദീന്‍ മദനി പറഞ്ഞു. പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി, സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഐ.എസ്.എം പ്രസിഡന്‍റ് ഡോ. ജാബിര്‍ അമാനി എന്നിവരും സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.