ഹോർട്ടികോർപ്പ്​ മുൻ എം.ഡിക്കെതിരെ നിയമനടപടിയെന്ന്​ വി.എസ്​ സുനിൽ കുമാർ

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി സംഭരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്​ സുനിൽ കുമാർ. ഹോര്‍ട്ടി കോര്‍പ്പിലെ ക്രമക്കേടുകൾ കൃഷിവകുപ്പ് അന്വേഷിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ എം.ഡി ഹോര്‍ട്ടികോര്‍പ്പില്‍ ചുമതലയേല്‍ക്കുമെന്നും സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പത്രപ്പരസ്യത്തിൽ മുൻ എം.ഡി ഹോർട്ടികോർപ്പി​െൻറ പേര്​ ഉപയോഗിച്ചത്​ ശരിയായില്ല. കൃഷിക്കാര​െൻറ ആത്​മാഭിമാനം സംരക്ഷിക്കാനായിരുന്നു ആനയറ മാർക്കറ്റിൽ പരിശോധന നടത്തിയത്​. എം.ഡിയുടെ ആത്​മപരിശോധന നടത്തേണ്ട കാര്യം തനിക്കില്ലെന്നും മന്ത്രി വ്യക്​തമാക്കി.

കേരളത്തില്‍ കിട്ടാത്ത പച്ചക്കറി മാത്രമാണ് അന്യസംസ്ഥാനത്ത് നിന്നും ഹോര്‍ട്ടികോര്‍പ്പിന് വാങ്ങാന്‍ കഴിയുകയുള്ളൂ. ഇതിന് സുതാര്യത ഉറപ്പ് വരുത്തണം. കൃഷിയുമായി ബന്ധപ്പെട്ട് വെട്ടുകത്തി മുതലുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന അഗ്രോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തിരുവനന്തപുരത്തെ ആനയറയിലും തൃശൂരിലും കോഴിക്കോടും ആരംഭിക്കുമെന്നും സുനിൽകുമാർ പറഞ്ഞു.

കഴിഞ്ഞദിവസം ആനയറ ഹോർട്ടികോർപ്പിൽ മന്ത്രി നടത്തിയ പരിശോധനക്കിടെ വന്‍ ക്രമക്കേട് നടക്കുന്നുവെന്നും കേരളത്തിലെ കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെ പിരിച്ചുവിടുകയായിരുന്നു.

തന്നെ പുറത്താക്കിയ കൃഷി മന്ത്രിക്ക്​ പത്ര പരസ്യത്തിലൂടെയാണ് ഹോർട്ടികോർപ്പ്​ മുൻ എം.ഡി. സുരേഷ്കുമാർ മറുപടി നൽകിയത്. റമദാൻ അവധിയായതിനാലാണ് പച്ചക്കറി സംഭരിക്കാന്‍ കഴിയാതെ വന്നതെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വാങ്ങിയിട്ടില്ലെന്നും സുരേഷ്‌കുമാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പത്രപരസ്യത്തില്‍ പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.