കോളജുകളുടെ ഉദാസീനത: അഞ്ച് ജില്ലകള്‍ക്ക് പ്രതിവര്‍ഷം നഷ്ടമാവുന്നത് 7000 ഡിഗ്രി, പി.ജി സീറ്റുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഡിഗ്രി കോഴ്സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കെ, സര്‍ക്കാര്‍-എയ്ഡഡ് കോളജുകളുടെ പിടിപ്പുകേട് കാരണം വര്‍ഷംതോറും നഷ്ടപ്പെടുന്നത് 7000 ഡിഗ്രി, പി.ജി സീറ്റുകള്‍. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലാണ് ഇത്രയും സീറ്റുകള്‍ നഷ്ടമാവുന്നത്. സീറ്റ് ലഭിക്കാതെ പതിനായിരങ്ങള്‍ പുറത്തുനില്‍ക്കുമ്പോഴാണിത്. നിയമപ്രകാരം ലഭിക്കേണ്ട സീറ്റ് വര്‍ധനക്ക് കോളജുകള്‍ രംഗത്തുവരാത്തതാണ് ഈ അവസ്ഥക്ക് കാരണം. കോഴ്സ് അനുവദിച്ച കാലത്തെ സീറ്റുമായാണ് ഭൂരിപക്ഷം സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പേരെ പ്രവേശിപ്പിച്ചാല്‍ റിസള്‍ട്ടിനെ ബാധിക്കുമെന്ന് പറഞ്ഞാണ് കോളജുകളുടെ പിന്മാറ്റം.അഞ്ചു ജില്ലകളിലെ 80ഓളം സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലായി ഡിഗ്രിക്ക് 5812ഉം പി.ജിക്ക് 1219ഉം അധിക സീറ്റുകളാണ് എല്ലാ വര്‍ഷവും നഷ്ടമാവുന്നത്. സര്‍ക്കാറിന് സാമ്പത്തികബാധ്യതയൊന്നുമില്ലാഞ്ഞിട്ടും ഇക്കാര്യത്തില്‍ ആരും ഇടപെടുന്നില്ല.

സീറ്റ് വര്‍ധന ആവശ്യപ്പെട്ട് കോളജുകള്‍ സര്‍വകലാശാലക്ക് അപേക്ഷനല്‍കുകയാണ് വേണ്ടത്. അപേക്ഷിക്കുന്നില്ളെന്നുമാത്രമല്ല, സര്‍വകലാശാല മാര്‍ജിനല്‍ സീറ്റ് അനുവദിച്ചാലും ഈ കോളജുകള്‍ സ്വീകരിക്കുന്നില്ളെന്നതാണ് വിചിത്രം. സര്‍ക്കാര്‍ കോളജുകളില്‍ ഒരെണ്ണംപോലും സീറ്റ് വര്‍ധന ആവശ്യപ്പെടാറില്ല. അണ്‍ എയ്ഡഡ് കോളജുകള്‍ കോഴ്സും സീറ്റുകളും വാരിക്കൂട്ടുകയും ചെയ്യുന്നു.കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍ വിവിധ കോഴ്സുകളിലായി ആകെ 18,722 ഡിഗ്രി സീറ്റാണുള്ളത്. സര്‍വകലാശാലാ ചട്ടപ്രകാരം ഈ കോളജുകള്‍ക്ക് 24,534 സീറ്റിന് അര്‍ഹതയുണ്ട്. വര്‍ധന ആവശ്യപ്പെടാത്തതുവഴി 5812 സീറ്റാണ് (31 ശതമാനം) നഷ്ടപ്പെടുന്നത്. പി.ജിക്ക് 2931 സീറ്റാണ് സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ളത്. ചട്ടപ്രകാരം ലഭിക്കേണ്ടത് 4150 സീറ്റാണ് വര്‍ഷംതോറും നഷ്ടപ്പെടുന്നതാകട്ടെ 1219 (42 ശതമാനം) സീറ്റും.

സര്‍വകലാശാലാ ചട്ടപ്രകാരം ബിരുദ ക്ളാസുകളില്‍ ഭാഷാ വിഷയങ്ങള്‍ക്ക്-40, ആര്‍ട്സ് ആന്‍ഡ് കോമേഴ്സ്-60, ഫിസിക്സ്-കെമിസ്ട്രി-ഗണിതം-48, മറ്റ് സയന്‍സ് കോഴ്സുകള്‍-36 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയത്. പി.ജി തലത്തില്‍ ആര്‍ട്സ്-ഭാഷ-ഗണിതം 15-20, സയന്‍സ് 12 എന്ന പ്രകാരമാണ് സീറ്റ് കണക്കാക്കിയത്. ഈ സീറ്റുനില ഭൂരിപക്ഷം കോളജുകളിലുമില്ല. കോളജുകളില്‍ ഡിഗ്രി അനുവദിക്കുന്ന വേളയില്‍ ഭാഷാവിഷയങ്ങള്‍ക്ക്-24, ആര്‍ട്സ്-40, സയന്‍സ്-24 സീറ്റ് ക്രമത്തിലാണ് ലഭിക്കുക. ആദ്യ ബാച്ചിലുള്ളവര്‍ സര്‍വകലാശാലാ പരീക്ഷക്ക് ഹാജരാകുന്നതോടെ ചട്ടപ്രകാരമുള്ള സീറ്റ് വര്‍ധനക്ക് അര്‍ഹതയുണ്ട്. ഇതിനായി സര്‍വകലാശാലയില്‍ അപേക്ഷിക്കുകയാണ് വേണ്ടത്. എന്നാല്‍, തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള ജില്ലകളിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളില്‍ ഭൂരിപക്ഷവും സീറ്റ് വര്‍ധനക്ക് ശ്രമിക്കുന്നില്ല. അപേക്ഷ നല്‍കിയാല്‍ ഒരു ഉത്തരവിലൂടെ സീറ്റ് വര്‍ധിപ്പിക്കാനുമാവും. അതേസമയം, എയ്ഡഡ് കോളജുകള്‍ നടത്തുന്ന സ്വാശ്രയ കോഴ്സുകളുടെ സീറ്റ് വര്‍ധനക്ക് അപേക്ഷിക്കുകയും ചെയ്യും.

ക്ളാസില്‍ കൂടുതല്‍പേര്‍ എത്തുന്നതില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് താല്‍പര്യമില്ല. നിയമപ്രകാരം ലഭിക്കേണ്ട സീറ്റിനെക്കുറിച്ച് വിദ്യാര്‍ഥികളും ബോധവാന്മാരല്ല. അടിസ്ഥാന സൗകര്യമുള്ള കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സിന്‍ഡിക്കേറ്റ് അംഗം സി.ആര്‍. മുരുകന്‍ ബാബു, വി.സിക്ക് കത്തുനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.