സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി ത്വരിത പരിശോധനക്ക് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി ആരോപണങ്ങളില്‍ ത്വരിതപരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന പ്രവര്‍ത്തനങ്ങളും നിയമനങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പ്യന്മാരായ ബോബി അലോഷ്യസ്, അഞ്ജു ബോബി ജോര്‍ജ്, ജിമ്മി ജോര്‍ജിന്‍െറ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരുടേതടക്കം വിവിധ പരാതികള്‍ ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്.  തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി മഹേഷിനാണ് അന്വേഷണ ചുമതല.

ടി.പി. ദാസനെ വീണ്ടും സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ തലപ്പത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടക്കവേ അദ്ദേഹത്തിന്‍െറ ഭരണകാലത്ത് നടന്ന ലോട്ടറി ഇടപാടില്‍ വിജിലന്‍സ് ത്വരിതപരിശോധന പ്രഖ്യാപിച്ചത് കായികവകുപ്പിനും മന്ത്രിക്കും പുതിയ തലവേദനയാകും. കായികമന്ത്രി ഇ.പി. ജയരാജനുമായുള്ള അഭിപ്രായഭിന്നതയെതുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന അഞ്ജു ബോബി ജോര്‍ജും മറ്റ് ഭരണസമിതി അംഗങ്ങളും കഴിഞ്ഞ ജൂണ്‍ 22ന് രാജിവെച്ചിരുന്നു. അഞ്ജു അടക്കമുള്ള ഭരണസമിതിഅംഗങ്ങളെ കായികമന്ത്രി അഴിമതിക്കാരായി ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു രാജി. തുടര്‍ന്നാണ് സ്പോര്‍ട്സ് ലോട്ടറിയിലെ ക്രമക്കേടും സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കായികകേന്ദ്രങ്ങള്‍ നിര്‍മിച്ചതും വിദേശയാത്രകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഞ്ജു സര്‍ക്കാറിനും വിജിലന്‍സിനും കത്ത് നല്‍കിയത്.

വ്യാഴാഴ്ച ഉച്ചയോടെ തനിക്കെതിരെ അഞ്ജു ഉന്നയിച്ച ആക്ഷേപങ്ങളടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പ്യന്‍ ബോബി അലോഷ്യസ് വിജിലന്‍സിന് പരാതി നല്‍കി. ഇതിനത്തെുടര്‍ന്നാണ് ത്വരിതപരിശോധനക്ക് ജേക്കബ് തോമസ് ഉത്തരവിട്ടത്. തനിക്കെതിരെ ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥയായ തനിക്കിത് താങ്ങാനാവുന്നതിനുമപ്പുറമാണെന്നും ജേക്കബ് തോമസിന് നല്‍കിയ പരാതിയില്‍ ബോബി അലോഷ്യസ് പറയുന്നു. രാജ്യാന്തരപ്രശസ്തയായ ഒരു അത്ലറ്റ് എന്ന നിലയില്‍ മാത്രമല്ല, സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മുന്‍ പ്രസിഡന്‍റ് എന്ന നിലയിലും അഞ്ജുവിന്‍െറ ആരോപണങ്ങള്‍ മുഖവിലക്കെടുക്കണം.

അതോടൊപ്പം കേന്ദ്ര സര്‍ക്കാറില്‍ നിന്ന് താന്‍ ഫണ്ട് കൈപ്പറ്റി വിദേശത്ത് പോയി പരിശീലനം നടത്തി, ആ വിവരം മറച്ചുവെച്ച് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് പണം കൈപ്പറ്റി, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിമാനയാത്ര നടത്തി, വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്ത് റിക്രൂട്ട്മെന്‍റ് ബിസിനസ് നടത്തി സര്‍ക്കാറിനെ പറ്റിച്ചു എന്നിങ്ങനെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കണമെന്നും ബോബി പരാതിയില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.