കോടതിവിധിയില്‍ അംഗീകാരം വീണ്ടെടുത്ത സ്വാശ്രയ എന്‍ജി. കോളജിലേക്ക് ‘സമ്പൂര്‍ണ അലോട്ട്മെന്‍റ്’

തിരുവനന്തപുരം: സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളിലടക്കം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ കോടതിവിധിയുടെ ബലത്തില്‍ അംഗീകാരം വീണ്ടെടുത്ത സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ സീറ്റുകളിലേക്ക് സമ്പൂര്‍ണ അലോട്ട്മെന്‍റ്. തൃശൂര്‍ ഇഞ്ചക്കുണ്ട് എറണാകുളത്തപ്പന്‍ എന്‍ജിനീയറിങ് കോളജിലെ ഒന്നൊഴികെയുള്ള സീറ്റുകളിലേക്കാണ് പ്രവേശ പരീക്ഷാ കമീഷണറേറ്റ് പ്രവേശത്തിനായി അലോട്ട്മെന്‍റ് നടത്തിയത്.

അലോട്ട്മെന്‍റില്‍ ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നതോടെ ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പ്രവേശ പരീക്ഷാ കമീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മോശപ്പെട്ട അക്കാദമിക നിലവാരവും കാരണം എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല അംഗീകാരം റദ്ദാക്കിയ അഞ്ച് കോളജുകളില്‍ ഉള്‍പ്പെടുന്നതായിരുന്നു എറണാകുളത്തപ്പന്‍ കോളജ്. നടപടിക്കെതിരെ കോളജ് അധികൃതര്‍ ഹൈകോടതിയെ സമീപിക്കുകയും അംഗീകാരം പുന$സ്ഥാപിച്ചെടുക്കുകയുമായിരുന്നു.

അംഗീകാരമില്ലാത്തതിന്‍െറ പേരില്‍ ആദ്യഘട്ട അലോട്ട്മെന്‍റില്‍ കോളജിനെ ഉള്‍പ്പെടുത്തിയിരുന്നുമില്ല. രണ്ടാം ഘട്ട അലോട്ട്മെന്‍റിലാണ്  ഉള്‍പ്പെടുത്തിയത്. കോളജിലെ അഞ്ച് കോഴ്സുകളില്‍ നാലെണ്ണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയിലൂടെ പുന$സ്ഥാപിച്ചുകിട്ടിയത്. നാല് കോഴ്സുകളിലേക്കും 33 വീതം സീറ്റുകളിലേക്കാണ് പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തേണ്ടിയിരുന്നത്. ഇതില്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരു സീറ്റിലേക്കൊഴികെയുള്ളതിലേക്കെല്ലാം അലോട്ട്മെന്‍റ് നടത്തി.

സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശത്തിന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന തിരുവനന്തപുരം കോളജ് ഓഫ് എന്‍ജനീയറിങ്ങില്‍ (സി.ഇ.ടി)യില്‍ രണ്ടാം അലോട്ട്മെന്‍റ് കഴിഞ്ഞപ്പോള്‍ നാലും കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ അഞ്ചും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് കോടതി വിധിയിലൂടെ അംഗീകാരം വീണ്ടെടുത്ത സ്വാശ്രയ കോളജിലെ ഒന്നൊഴികെയുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്‍റ് ലഭിച്ചത്.

ഇതര സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ കോളജുകളിലും ഒട്ടേറെ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയന്‍റ് സെക്രട്ടറി ജി. ആഞ്ചലോസും സെക്ഷന്‍ ഓഫിസര്‍ സലീമും സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പ്രവേശ പരീക്ഷാ കമീഷണറേറ്റില്‍ നേരിട്ടത്തെിയാണ് ഇതുസംബന്ധിച്ച് വിശദീകരണം തേടിയത്.

സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് ഒന്നാം സെമസ്റ്റര്‍ ഫലം പുറത്തുവന്നപ്പോള്‍ 2.2 ശതമാനവും  രണ്ടാം സെമസ്റ്ററില്‍ 13.33 ശതമാനവുമായിരുന്നു എറണാകുളത്തപ്പന്‍ കോളജിന്‍െറ വിജയം. ആദ്യ സെമസ്റ്ററില്‍ 152 കോളജുകളില്‍ 149ാം സ്ഥാനത്തും രണ്ടാം സെമസ്റ്ററില്‍ 134ാം സ്ഥാനത്തുമായിരുന്നു കോളജ്. മോശം പ്രകടനം ഉള്‍പ്പെടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അംഗീകാരം റദ്ദാക്കിയത്.  ഇവിടെ അലോട്ട്മെന്‍റ് ലഭിച്ചവരാകട്ടെ താരതമ്യേന മെച്ചപ്പെട്ട റാങ്കുള്ളവരുമാണ്. സിവില്‍ എന്‍ജിനീയറിങ്ങില്‍ സ്റ്റേറ്റ് മെറിറ്റില്‍ ഇവിടെ അവസാനം അലോട്ട്മെന്‍റ് ലഭിച്ചത് 12511റാങ്കുള്ളയാള്‍ക്കാണ്.

അലോട്ട്മെന്‍റില്‍ ക്രമക്കേടില്ല -പ്രവേശ പരീക്ഷാ കമീഷണര്‍

എറണാകുളത്തപ്പന്‍ എന്‍ജിനീയറിങ് കോളജിലേക്ക് നടത്തിയ അലോട്ട്മെന്‍റില്‍ ക്രമക്കേടില്ളെന്ന് പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി ‘മാധ്യമ’ത്തോട് പറഞ്ഞു. അംഗീകാരം പുന$സ്ഥാപിച്ചതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ മാത്രമാണ് ഈ കോളജിനെ അലോട്ട്മെന്‍റ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ അലോട്ട്മെന്‍റ് ലഭിക്കാതെ വന്ന കുട്ടികള്‍ കൂട്ടത്തോടെ രണ്ടാംഘട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ കോളജിലേക്ക് ഓപ്ഷന്‍ സമര്‍പ്പിച്ചതും പുന$ക്രമീകരിച്ചതുമാണ് ഉയര്‍ന്ന അലോട്ട്മെന്‍റിന് കാരണമെന്നും കമീഷണര്‍ പറഞ്ഞു.
ഒന്നാം ഘട്ടത്തില്‍ അപേക്ഷിച്ചവരില്‍ 13 പേര്‍ മാത്രമാണ് ഈ കോളജിലേക്ക് ഓപ്ഷന്‍ ക്രമീകരിച്ചുനല്‍കിയതെന്നും മറ്റുള്ളവര്‍ പുതിയ അപേക്ഷകരാണെന്നും കമീഷണര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.