ജയില്‍ ഡോക്ടര്‍ ‘ചാറ്റിങ്ങില്‍’; തടവുകാരന്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ വീല്‍ചെയറിലിരുന്ന് തടവുകാരന്‍ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ചുമതലപ്പെടുത്തി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ജയില്‍ മെഡിക്കല്‍ ഓഫിസറും സംഭവത്തെ കുറിച്ച് പ്രത്യേകം വിശദീകരണങ്ങള്‍ സമര്‍പ്പിക്കണം. സൂപ്രണ്ടിന്‍െറയും മെഡിക്കല്‍ ഓഫിസറുടെയും വിശദീകരണങ്ങള്‍ വാങ്ങിയശേഷം ജയില്‍ ഡി.ജി.പിയും പ്രത്യേകം വിശദീകരണം നല്‍കണം.
ജയിലിലെ തടവുകാരനും വിവാദ സന്യാസിയുമായ സന്തോഷ് മാധവനും ജയില്‍ ഡോക്ടറും സംസാരത്തില്‍ മുഴുകിയതിനെ തുടര്‍ന്നാണ് തടവുകാരന് ചികിത്സ ലഭിക്കാന്‍ കാലതാമസമുണ്ടായതെന്ന് സഹതടവുകാരന്‍ കമീഷനിലേക്കയച്ച പരാതിയില്‍ ആരോപിച്ചു.

തടവുകാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി അനില്‍ ജോര്‍ജാണ് (35) ഹൃദ്രോഗത്തെ തുടര്‍ന്ന് ഇക്കൊല്ലം മേയ് 11ന് മരിച്ചത്. ജയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്ന അനില്‍ ജോര്‍ജിന് മുക്കാല്‍ മണിക്കൂറോളം ആശുപത്രി മുറ്റത്ത് വീല്‍ചെയറില്‍ ഇരിക്കേണ്ടിവന്നതായി സഹതടവുകാരന്‍െറ പരാതിയില്‍ പറയുന്നു. ഇയാള്‍ വീല്‍ചെയറിലിരുന്നുതന്നെ മരിച്ചു. തടവുകാരന് നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും ജയില്‍ ഡോക്ടര്‍ സന്തോഷ് മാധവനുമായി വര്‍ത്തമാനത്തിലായിരുന്നുവെന്നാണ് പരാതി. വി.ഐ.പികള്‍ക്ക് മാത്രമേ ജയിലില്‍ ചികിത്സ ലഭിക്കാറുള്ളൂ. ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്നതും പതിവാണ്.

സന്തോഷ് മാധവനും ഡോക്ടറും ചാറ്റിങ്ങില്‍ ഏര്‍പ്പെടാറുണ്ടെന്നും പരാതിയില്‍ പറയുന്നു. 2015 സെപ്റ്റംബര്‍ 17നും ഇത്തരത്തില്‍ ഒരു തടവുകാരന്‍ മരിച്ചിരുന്നു. മരണശേഷമാണ് അനില്‍ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇത്തരമൊരു പരാതി കമീഷനില്‍ നല്‍കിയതിന്‍െറ പേരില്‍ പരാതി നല്‍കിയ തടവുകാരന്‍ സാബു ഡാനിയേലിന് ഒരു ഉപദ്രവവും ഉണ്ടാകാന്‍ പാടില്ളെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. നെയ്യാറ്റിന്‍കര സബ്ജയിലില്‍നിന്നാണ് ജോര്‍ജിനെ പൂജപ്പുരയിലത്തെിച്ചത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആഗസ്റ്റ് 17നകം കമീഷനില്‍ സമര്‍പ്പിക്കണം. കേസ് സെപ്റ്റംബര്‍ ഏഴിന് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.