കീടനാശിനി ലോബിക്ക് കൂച്ചുവിലങ്ങിടും –മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: കീടനാശിനി ലോബിക്ക് സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കീടനാശിനി ലോബിക്കെതിരെ രംഗത്തു വന്നതിനാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചാരണം നടക്കുന്നുണ്ട്. അതിലൊന്നും ഭയമില്ല. പുതിയ നിയമം സൃഷ്ടിക്കുകയല്ല, ഉള്ളത് ശക്തിപ്പെടുത്താനാണ് വകുപ്പും സര്‍ക്കാറും നടപടി ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. തൃശൂര്‍ കോള്‍ കര്‍ഷകസംഘം ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷം 1200 മെട്രിക് ടണ്‍ കീടനാശിനിയാണ് കേരളത്തില്‍ ഉപയോഗിച്ചത്. ഇക്കാലത്ത് തന്നെയാണ് കേരളത്തില്‍  ജൈവകൃഷി ഏറ്റവും കൂടുതല്‍ വ്യാപിച്ചതും. കീടനാശിനി ഉപയോഗം  നിയന്ത്രിക്കണമെന്ന് കൃഷി ഓഫിസുകളിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി ഓഫിസര്‍മാര്‍ മാസത്തില്‍ രണ്ടു തവണ ഉല്‍പാദന, വിതരണ മേഖലകളില്‍ കീടനാശിനി പരിശോധനക്ക് എത്തണം. കീടനാശിനി കമ്പനികള്‍ നേരിട്ട് കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത് അവസാനിപ്പിക്കും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മൂന്നു ലക്ഷം ഹെക്ടര്‍ നെല്‍കൃഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന് ഒരു പൂ കൃഷിയുള്ള പാടങ്ങളില്‍ ഇരുപ്പൂ കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയാറാവണം. തൃശൂര്‍ - പൊന്നാനി കോള്‍വികസന പദ്ധതിയുടെ ന്യൂനതകള്‍ പരിഹരിച്ചും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും മുന്നോട്ടുപോകും. കോള്‍വികസന പദ്ധതിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ മാസം തന്നെ തൃശൂരില്‍ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.