ജീവിത അരങ്ങിലും വിജയനൊപ്പം അലിയുണ്ട്

കൊയിലാണ്ടി: നാടക അരങ്ങില്‍ നിറഞ്ഞാടിയിട്ടും നടക്കാതെപോയ സ്വന്തം വീടെന്ന സ്വപ്നം അരങ്ങാടത്ത് വിജയന് കരഗതമാകുന്നു. തുണ്ടു ഭൂമിപോലുമില്ലാത്ത വിജയന് വാടകവീടുകളായിരുന്നു അഭയം. നാടകത്തിലെ രംഗപടംപോലെ അത് മാറിക്കൊണ്ടിരുന്നു. ഇനി ഒരു സ്ഥിരം വേദിക്കുള്ള തയാറെടുപ്പാണ്. കളിത്തോഴനും നാടക രംഗത്തെ സഹപ്രവര്‍ത്തകനും പ്രവാസിയുമായ കെ.വി. അലിയുടെ സ്നേഹസമ്പന്നമായ മനസ്സിലൂടെ വീടിന്‍െറ ആദ്യസീന്‍ പൂര്‍ത്തിയായി. ദേശീയപാതയില്‍ ചെങ്ങോട്ടുകാവ് മേല്‍പാലത്തിന് സമീപം മൂന്ന് സെന്‍റ് ഭൂമി കഴിഞ്ഞ ദിവസം അലി വിജയനുവേണ്ടി ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തു.

ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയാണിത്. താമസിയാതെ ഈ ഭൂമിയില്‍ തറ പൊങ്ങും. കലയെയും മനുഷ്യനെയും ഒരേപോലെ സ്നേഹിക്കുന്ന മനസ്സാണ് അലിയുടെത്.
യു.പി സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് നാടകത്തോടുള്ള കമ്പം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ മൂന്നുവര്‍ഷം മികച്ച നടനായിരുന്നു. പഠനശേഷം കൊയിലാണ്ടി റെഡ്കര്‍ട്ടന്‍െറയും അപ്സര തിയറ്റേഴ്സിന്‍െറയും നിരവധി നാടകങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. റേഡിയോ നാടകങ്ങള്‍ക്കും ശബ്ദം നല്‍കി.

‘കാര്‍ത്തിക വിളക്ക്’ എന്ന സിനിമയിലും പ്രത്യക്ഷപ്പെട്ടു. ജീവിതമാര്‍ഗം തേടി അലി 1975ല്‍ മണലാരണ്യത്തിലേക്ക് പറന്നു. വിജയന്‍ അരങ്ങാടത്ത് അമച്വര്‍ നാടകരംഗത്തുകൂടി പ്രഫഷനല്‍ നാടകവേദിയില്‍ അവിഭാജ്യഘടകമായി. കോഴിക്കോട് സംഗമം ഉള്‍പ്പെടെ ട്രൂപ്പുകളില്‍ വിജയന്‍ ഇടംകണ്ടത്തെി. ഏത് റോളും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ വിജയനുള്ള കഴിവ് അപാരമായിരുന്നു. പക്ഷേ, ജീവിതത്തില്‍ ഏറെ ഗുണമൊന്നും ഇത് പ്രദാനം ചെയ്തില്ല. ദുരിതപര്‍വം തീര്‍ത്ത നാടകാവിഷ്കാരം പോലെയായിരുന്നു ജീവിതം. പക്ഷേ, ഇനി സന്തോഷത്തിന്‍െറ പുതിയ  രംഗങ്ങളാണ് ജീവിത നാടകത്തില്‍ രൂപപ്പെടുക.

ഗള്‍ഫ് ജീവിതത്തിനിടെ നാട്ടിലത്തെുന്ന വേളകളില്‍ അലിയും പ്രയാസങ്ങള്‍ക്കിടയില്‍ വിജയനും കലാരംഗത്ത് സജീവമാണ്. പഴയ നാടക സംഘാംഗങ്ങള്‍ ചേര്‍ന്ന് ഈയിടെ ‘പാഠം ഒന്ന് ഏക ദൈവം’ എന്ന ഷോര്‍ട്ട് ഫിലിമും നിര്‍മിച്ചു. ഭൂമിയുടെ പ്രമാണം സഹകരണാശുപത്രി കെട്ടിട ശിലാസ്ഥാപനത്തിനത്തെിയ വി.എസ്. അച്യുതാനന്ദന്‍ അരങ്ങാടത്ത് വിജയനു കൈമാറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.