കേരളത്തില്‍ ഹൈകമാന്‍ഡ് ഇടപെടുന്നു

ന്യൂഡല്‍ഹി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് വന്നതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത  ആശങ്കയില്‍. കേരള വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി രാജി വെക്കുകയാണ് ഉചിതമെന്ന അഭിപ്രായമാണ് പൊതുവില്‍  ഡല്‍ഹിയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പ്രകടിപ്പിക്കുന്നത്.
പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍്റണിയെ  എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു വരുത്തി വിവരങ്ങള്‍ ആരാഞ്ഞു. കേരള ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും ആന്‍്റണിയോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ , ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി മുകുള്‍ വാസ്നിക് സംസാരിച്ചു. ഉമ്മന്‍ചാണ്ടിയെ  മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിച്ച് തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ വലിയ തിരിച്ചടി നേരിടുമെന്ന ഉപദേശമാണ് പൊതുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. അതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ രാജി വെപ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം.
 
സ്വമേധയാ രാജിവെക്കാന്‍ ഒരുക്കമല്ളെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യതകള്‍ പഠിക്കുന്നുണ്ട്. കെ.എം മാണി രാജിവെച്ച ശേഷം നിയമ വകുപ്പിന്‍്റെ ചുമതല മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.ആസഫലിയും കൂടിക്കാഴ്ച നടത്തി അപ്പീല്‍ സാധ്യത പരിഗണിച്ചു. നാളെ തന്നെ അപ്പീല്‍ നല്‍കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്. 

ഉമ്മന്‍ചാണ്ടി രാജി വെച്ചാല്‍ പകരം ആര് എന്നതിലും തര്‍ക്കമുണ്ട്. മന്ത്രിസഭയില്‍ രണ്ടാമനായ രമേശ് ചെന്നിത്തലക്ക് പദവി നല്‍കുന്നതില്‍ എ ഗ്രൂപ്പ് അനുകൂലമല്ല. കെ.പി.സി.സി പ്രസിഡന്‍റ് വി.എം  സുധീരന്‍ മുഖ്യമന്ത്രി ആകുന്നതിനെയും എ ഗ്രൂപ്പ് എതിര്‍ക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ എ.കെ ആന്‍്റണിയെ കേരളത്തിലേക്ക് അയച്ചാലോ എന്ന ചിന്ത ഹൈകമാന്‍ഡില്‍ ശക്തമാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി ആകുന്നതിനോട്  ആന്‍്റണിക്ക് ഒട്ടും താല്‍പര്യമില്ല. ഹൈകമാന്‍ഡ് അടിച്ചേല്‍പിച്ചാലേ അദ്ദേഹം വരൂ. ചെന്നിത്തല, സുധീരന്‍ എന്നിവരെ അപേക്ഷിച്ച് യു.ഡി.എഫ് ഘടകകക്ഷികള്‍ക്കും ആന്‍്റണിയാണ് സ്വീകാര്യന്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.