തുഷാരഗിരിയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി ആര്‍ച്ചുപാലം

താമരശ്ശേരി: പ്രകൃതിസുന്ദരമായ തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തിന് പൊന്‍തൂവല്‍ചാര്‍ത്തി ആര്‍ച്ചുപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. പുഴയുടെ ഇരുകരകളില്‍നിന്ന് 30 മീറ്റര്‍ ഉയരത്തില്‍ ആര്‍ച്ച് നിര്‍മിച്ച് അതിനുമുകളില്‍ ഇരുവശത്തേക്കും നീട്ടിയാണ് പാലം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. 107 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലം സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആര്‍ച്ചുപാലമാണ് എന്നതിനു പുറമേ ഒറ്റ സ്പാനില്‍ വാര്‍ത്തതാണെന്ന പ്രത്യേകതയുമുണ്ട്.

കാപ്പാട്-തുഷാരഗിരി-അടിവാരം ടൂറിസ്റ്റ് ഹൈവേയില്‍ ചാലിപ്പുഴക്ക് കുറുകെ നിര്‍മിച്ച പാലം യാഥാര്‍ഥ്യമാകുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് ദേശീയപാതയിലൂടെ അടിവാരത്തത്തെി അവിടെനിന്ന് എളുപ്പത്തില്‍ തുഷാരഗിരിയിലത്തൊന്‍ കഴിയും. 11.5 മീറ്റര്‍ വീതിയുള്ള പാലത്തിന്‍െറ ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് കൈവരികള്‍ സ്ഥാപിച്ചുകഴിഞ്ഞു. അപ്രോച് റോഡിന്‍െറ ടാറിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. പാലത്തില്‍നിന്ന് നോക്കിയാല്‍ തുഷാരഗിരി ഉള്‍പ്പെടുന്ന ജീരകപ്പാറ നിത്യഹരിത വനത്തിന്‍െറ കാനനഭംഗി നേരില്‍ക്കണ്ട് ആസ്വദിക്കാന്‍ കഴിയും.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി തയാറാക്കിയ രൂപരേഖക്ക് പൊതുമരാമത്ത് വകുപ്പ് അംഗീകാരം നല്‍കി നിര്‍മാണപ്രവൃത്തി സൊസൈറ്റിയെ ഏല്‍പിക്കുകയായിരുന്നു. 6.90 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പുഴയിലെ നീരൊഴുക്കിന് തടസ്സമുണ്ടാവാതിരിക്കാനാണ് പുഴയില്‍ തൂണുകള്‍ ഒഴിവാക്കി ആര്‍ച്ചുപാലം നിര്‍മിച്ചിരിക്കുന്നത്. പാലം തുറന്നുകൊടുക്കുന്നതോടെ വയനാടന്‍ മലനിരകള്‍ താണ്ടിയത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് തുഷാരഗിരിയുടെ പ്രകൃതിഭംഗി ആസ്വദിച്ച് ടൂറിസ്റ്റ് ഹൈവേയിലൂടെ കാപ്പാടത്തൊന്‍ കഴിയും. ഫെബ്രുവരി രണ്ടാംവാരം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സി. മോയിന്‍കുട്ടി എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ 11നാണ് കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്‍ചാലില്‍ 764-224 ലക്ഷം രൂപയുടെ ചെലവില്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ ആര്‍ച്ചുപാലം വകുപ്പുമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്തത്. കോടഞ്ചേരി പഞ്ചായത്തിലെ രണ്ടാമത്തെ ആര്‍ച്ചുപാലമാണ് തുഷാരഗിരിയില്‍ ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.