തേഞ്ഞിപ്പലം: റെഗുലര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം ഡിഗ്രിക്ക് കാലിക്കറ്റ് സര്‍വകലാശാല നടത്തിവന്ന ഏകീകൃത ഡിഗ്രി പരീക്ഷ തുടരും. ഈ അധ്യയനവര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ വേണ്ടെന്ന മുന്‍ തീരുമാനം റദ്ദാക്കാനും തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പാരലല്‍ കോളജ് അസോസിയേഷന്‍, എം.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് സിന്‍ഡിക്കേറ്റിന്‍െറ തീരുമാനം.
പരീക്ഷാ നടത്തിപ്പിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ് പരീക്ഷ വെവ്വേറെ നടത്താന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്.
മറ്റു തീരുമാനങ്ങള്‍: സര്‍വകലാശാലയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ നിയമനത്തിന് വിജ്ഞാപനമിറക്കും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍െറ അംഗീകാരം റദ്ദാക്കിയ യു.ജി.സി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. കോടതി അനുമതിലഭിച്ച പ്രോഗ്രാം സെന്‍ററുകള്‍ക്ക് ഡിഗ്രി അപേക്ഷക്ക് ലിങ്ക് അനുവദിക്കും.
ചെന്നൈ വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് നടപടിക്രമങ്ങള്‍ ഇളവുചെയ്ത് ഡ്യൂപ്ളിക്കേറ്റ് നല്‍കും. അന്തമാന്‍-നികോബാര്‍ ദ്വീപുകാര്‍ക്ക് യു.ജി, പി.ജി പ്രവേശത്തിന് അടുത്ത വര്‍ഷം മുതല്‍ സീറ്റ് സംവരണം ഏര്‍പ്പെടുത്തും. ക്രിമിനോളജി പഠനബോര്‍ഡ് അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു. മികച്ച നിയമ വിദ്യാര്‍ഥിക്കുള്ള 2014ലെ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്വര്‍ണ മെഡല്‍ കോഴിക്കോട് ലോ കോളജിലെ എയ്ഞ്ചല്‍ റോസ് ജോസിന് സമ്മാനിക്കും. അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തം തത്ത്വത്തില്‍ അംഗീകരിച്ചു. പരീക്ഷാഭവന്‍ മെയിന്‍ കെട്ടിടത്തില്‍ അടിയന്തര രക്ഷാ സ്റ്റെയര്‍ കെയ്സ് നിര്‍മിക്കാനുള്ള ടെന്‍ഡര്‍ അംഗീകരിച്ചു. ലക്ഷദ്വീപിലെ കടമത്ത് സര്‍വകലാശാലാ കേന്ദ്രത്തിലേക്ക് കടമത്ത് സഹകരണ സൊസൈറ്റിയില്‍നിന്ന് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങുന്നതിന് അനുമതിനല്‍കി.
ശാസ്ത്രോത്സവ വിജയികള്‍ക്ക് ഡിഗ്രി പ്രവേശത്തിന് ബോണസ്/വെയിറ്റേജ് നല്‍കുന്നതിനുള്ള നിര്‍ദേശം കോഴ്സ് ആന്‍ഡ് റിസര്‍ച് കമ്മിറ്റിയുടെ വിശദപഠനത്തിന് വിട്ടു.
കാമ്പസില്‍ എല്‍.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 26,50,000 രൂപ അനുവദിച്ചു. കൊടുവള്ളി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് സി.എച്ച്. മുഹമ്മദ് കോയയുടെ പേരിടും. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനായി രണ്ട് ഹെക്ടര്‍ സ്ഥലം പാട്ടത്തിന് നല്‍കണമെന്ന തിരൂരങ്ങാടി ജോയന്‍റ് ആര്‍.ടി.ഒയുടെ അപേക്ഷ തള്ളി. കോളജുകളിലെ ബി.എസ്സി കൗണ്‍സലിങ് സൈക്കോളജി സിലബസ് അംഗീകരിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിന് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.