ചിറക് വളര്‍ന്നിട്ടും ഉയര്‍ന്ന് പറക്കാനാകാതെ കരിപ്പൂര്‍

കരിപ്പൂര്‍: മലബാറിലെ പ്രവാസികളുടെ സ്വപ്ന സാക്ഷാത്കാരമായ കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചിട്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. അന്താരാഷ്ട്ര പദവിയിലത്തെി 10 വര്‍ഷം പിന്നിടുമ്പോഴും വികസനം ഇപ്പോഴും ഒച്ചിഴയും വേഗത്തില്‍ തന്നെ. വിവിധയിടങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് 2006 ഫെബ്രുവരി ഒന്നിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് കരിപ്പൂരിന് അന്താരാഷ്ട്രപദവി നല്‍കാന്‍ തീരുമാനമായത്. കരിപ്പൂരിനെക്കാളും യാത്രക്കാര്‍ കുറവുള്ള ചില വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്ര പദവി നല്‍കിയിട്ടും കരിപ്പൂരിനെ തഴഞ്ഞത് വിവാദമുയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് കരിപ്പൂരിനെയും അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്താന്‍ യു.പി.എ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. വിമാനത്താവളം യാഥാര്‍ഥ്യമായി 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരിപ്പൂരിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നത്.

ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും അടിസ്ഥാന സൗകര്യവികസനത്തില്‍ പുരോഗതിയില്ലാത്തതാണ് കരിപ്പൂരിനെ പിറകോട്ടടിക്കുന്നത്. ദിനേന നിരവധി യാത്രക്കാരത്തെുന്ന അന്താരാഷ്ട്ര ആഗമനഹാള്‍ ഇപ്പോഴും അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടുന്നു. കരിപ്പൂരിലുള്ളത് മൂന്ന് പഴഞ്ചന്‍ എക്സ്റേ മെഷീനുകളാണ്. ഇതിലൊന്ന് പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി. ഇന്‍റര്‍ലൈന്‍ എക്സ്റേ മെഷീന്‍ കരിപ്പൂരിലത്തെിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ പ്രവര്‍ത്തനസജ്ജമായിട്ടില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വലയുകയാണ് കസ്റ്റംസ് വിഭാഗം. മൂന്ന് കണ്‍വെയര്‍ ബെല്‍റ്റുകളുടെ അവസ്ഥയും മെച്ചമല്ല. അന്താരാഷ്ട്ര വിമാനത്താവളമായിട്ടും സി.സി.ടി.വി പോലും പലയിടത്തും സ്ഥാപിക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല.

വികസനത്തിനായി ഭൂമിയേറ്റെടുക്കാനാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. 2009ല്‍ നിര്‍മിക്കാനുദ്ദേശിച്ച അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ ഹാള്‍ നിര്‍മാണം തുടങ്ങിയത് 2015 സെപ്റ്റംബറിലാണ്. ഈ ടെര്‍മിനല്‍ യാഥാര്‍ഥ്യമായാല്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര പദവി ലഭിച്ചതോടെയാണ് എയര്‍ ഇന്ത്യയുടെ കുത്തകയായിരുന്ന കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാനകമ്പനികള്‍ സര്‍വിസ് ആരംഭിച്ചത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ വിമാനങ്ങളും പത്ത് വിദേശ വിമാന കമ്പനികളും സര്‍വിസ് നടത്തിയിരുന്ന കരിപ്പൂരില്‍ ആറ് വിദേശ വിമാന കമ്പനികളും സര്‍വിസ് നിര്‍ത്തലാക്കി.

റാക് എയര്‍വേയ്സ്, എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് എന്നിവയാണ് നിര്‍ത്തലാക്കിയ വിമാനങ്ങള്‍. ഇതില്‍ സൗദിയും എമിറേറ്റ്സും റണ്‍വേ നവീകരണത്തെ തുടര്‍ന്ന് ജംബോ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് സര്‍വിസ് അവസാനിപ്പിച്ചത്.
ഖത്തര്‍ എയര്‍, ഒമാന്‍ എയര്‍, എയര്‍ അറേബ്യ, ഇത്തിഹാദ് എന്നീ വിദേശ വിമാനകമ്പനികളും എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ എയര്‍, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമാണ് ഇപ്പോള്‍ കരിപ്പൂരില്‍ നിന്ന് സര്‍വിസ് നടത്തുന്നത്. ദുബൈ, ഷാര്‍ജ, ദോഹ, അബൂദബി, മസ്കത്ത്, ദമ്മാം, ബഹ്റൈന്‍, സലാല, കുവൈത്ത് എന്നീ അന്താരാഷ്ട്ര സര്‍വിസുകളും ഡല്‍ഹി, ബംഗളൂരൂ, ചെന്നൈ, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ ആഭ്യന്തര സര്‍വിസുകളുമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.