സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് ചോദ്യപേപ്പര്‍ വീണ്ടും വിവാദത്തില്‍

തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി. ടെക് പരീക്ഷാ ചോദ്യപേപ്പര്‍ വീണ്ടും വിവാദത്തില്‍. ബിജു രമേശിന്‍െറ ഉടമസ്ഥതയിലെ കിളിമാനൂര്‍ രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപയോഗിച്ച ചോദ്യപേപ്പര്‍ സാങ്കേതിക സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷയുടെ ബേസിക്സ് ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പേപ്പറിന് ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. കഴിഞ്ഞ 15ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ സംബന്ധിച്ചാണ് പരാതി. എന്നാല്‍, ചോദ്യപേപ്പര്‍ ഒന്നടങ്കം ആവര്‍ത്തിച്ചെന്ന ആരോപണം പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഷാബു നിഷേധിച്ചു.
പുതുതായി വന്ന സര്‍വകലാശാല എന്ന നിലയില്‍ മുഴുവന്‍ എന്‍ജിനീയറിങ് കോളജുകളില്‍നിന്നും മാതൃകാ ചോദ്യപേപ്പര്‍ ക്ഷണിച്ചിരുന്നു. രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും മാതൃകാ ചോദ്യപേപ്പര്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വകലാശാല രൂപം നല്‍കിയ സീനിയര്‍ അധ്യാപകരുടെ കമ്മിറ്റിയാണ് അഞ്ച് സെറ്റ് ചോദ്യപേപ്പറുകള്‍ തയാറാക്കിയത്. വിവിധ കോളജുകളില്‍നിന്ന് ലഭിച്ച മാതൃകാ ചോദ്യപേപ്പറുകളിലെ  ചോദ്യങ്ങളും ഇതിനായി പരിഗണിച്ചിട്ടുണ്ടാകും.
 എന്നാല്‍, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചെന്നത് തെറ്റായ പ്രചാരണമാണെന്നും പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. നേരത്തേ സുതാര്യമായ കവറുകളില്‍ ചോദ്യപേപ്പര്‍ അയച്ചെന്ന് കണ്ട് ഒന്നടങ്കം പിന്‍വലിക്കുകയും പുതിയവ അച്ചടിച്ച് നല്‍കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.