തൃശൂർ: മാധ്യമം പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് മുൻ സെക്രട്ടറിയും ജമാഅത്തെ ഇസ് ലാമി സംസ്ഥാന കൂടിയാലോചനാ സമിതി മുൻ അംഗവുമായ പി.കെ അബ്ദുറഹീം (74) അന്തരിച്ചു. തൃശൂർ കേന്ദ്രമായ തണൽ സാമൂഹ്യസേവന സംഘടനയുടെ ഡയറക്ടറായിരുന്നു.
പെരുമ്പിലാവ് അൻസാർ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, തൃശൂർ ഫ്രൈഡേ ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃശൂർ കാളത്തോട് ജുമാമസ്ജിദിൽ.
1941ൽ തൃശൂർ ജില്ലയിലെ കൊക്കാലെയിൽ കോയാലിയുടെയും ആമിനയുടെയും മകനായാണ് ജനനം. എസ്.എസ്.എൽ.സി പാസായ ശേഷം എറണാകുളം മഹാരാജാസ് പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി. 1968ലാണ് ജമാഅത്തെ ഇസ് ലാമിയിൽ അംഗമായത്. സംഘടനയുടെ തൃശൂർ നാസിം, ജില്ലാ സെക്രട്ടറി, സംസ്ഥാന ഓഡിറ്റ് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1982ൽ ജമാഅത്തെ ഇസ് ലാമി കേരള കൂടിയാലോചനാ സമിതിയിൽ അംഗമായി. 1986ൽ കേന്ദ്ര പ്രതിനിധി സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്.
തൃശൂരിലെ സാമൂഹ്യസേവന രംഗത്ത് പി.കെ അബ്ദുറഹീം സജീവ സാന്നിദ്ധ്യമായിരുന്നു. സകാത്ത് കമ്മിറ്റി, അനാഥ മയ്യിത്ത് പരിപാലന സംഘം, കൊക്കാലെ മുസ് ലിം ഹോസ്റ്റൽ, ബ്ലഡ് ഡോണേഴ്സ് ഫോറം, ആതുര ശുശ്രൂശ സമിതി തുടങ്ങിയവ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1980ൽ തൂശൂരിൽ നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് സെൻറർ സ്ഥാപിച്ചു. ടിറ്റ് ഫോർ ടാറ്റ് എന്ന മാസിക നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി, മലർവാടി ട്രസ്റ്റ്, വാടാനപ്പള്ളി മുസ് ലിം ഓർഫനേജ് കമ്മിറ്റി, മാള ഇസ് ലാമിക് സർവീസ് ട്രസ്റ്റ് തുടങ്ങിയവയിൽ അംഗമായിരുന്നു.
ഭാര്യമാര്‍: സീനത്ത്, റുഖിയാബി, സുമയ്യ. മക്കള്‍: പി.എ. റഫീഖ് (യു.എ.ഇ), ശഹീദ് (പെരുമ്പിലാവ് അന്‍സാര്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍-അഡ്മിനിസ്ട്രേഷന്‍), റിയാസ് (ഖത്തര്‍), ത്വാഹിറ (യു.എ.ഇ), സാജിദ, ഫൈസല്‍ (ബിസിനസ്), അഫ്സല്‍ (സിവില്‍ എന്‍ജിനീയര്‍), നൂരിയ, നിയാസ്. സഹോദരങ്ങള്‍: ഉമ്മര്‍ (കാളത്തോട്), പരേതരായ അബ്ദുറഹ്മാന്‍, മീരാസ, മുഹമ്മദ്കുട്ടി, അബ്ദുല്‍ഖാദര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.