കേരളത്തില്‍ നിരക്ഷരരുടെ എണ്ണം കൂടുന്നു

തൃശൂര്‍:  കേരളത്തില്‍ എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം കൂടുന്നതായി 2014ലെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് (ഏസര്‍). കഴിഞ്ഞ ബുധനാഴ്ച രാജ്യത്തെ സമ്പൂര്‍ണ വിദ്യാഭ്യാസം നേടുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രഖ്യാപിച്ചതിന് പിറകെയാണ്  കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലയെ ആശങ്കപ്പെടുത്തിക്കൊണ്ട് ജനുവരി 14ന് ഏസര്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. രാജ്യത്തിന്‍െറ  പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ കുറിച്ച്  ദേശീയതലത്തിലുള്ള ആധികാരികപഠനമാണ് ഏസര്‍. നേരത്തെ പ്രാഥമികവിദ്യാഭ്യാസത്തെക്കുറിച്ച് എസ്.സി ഇ.ആര്‍.ടി നടത്തിയ പഠനത്തെ സാധൂകരിക്കുന്നതാണ് ഏസര്‍ റിപ്പോര്‍ട്ട്. എഴുതാനും വായിക്കാനും ഗുണിക്കാനുമൊക്കെ അറിയാത്തവരുടെ എണ്ണം കൂടുകയാണെന്നായിരുന്നു എന്‍.സി.ഇ.ആര്‍.ടി  സര്‍വേ റിപ്പോര്‍ട്ട്.

 ഭാഷ, കണക്ക് പഠനത്തിലാണ് പ്രധാനമായും കേരളം പിന്തള്ളപ്പെട്ടിരിക്കുന്നതെന്ന് ഏസര്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അഞ്ചാം ക്ളാസിലെ കുട്ടികള്‍ക്ക്  രണ്ടാം ക്ളാസിലെ പുസ്തകം വായിക്കാനറിയില്ളെന്നതാണ് സ്ഥിതിയെന്ന്  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  2010ല്‍  വായിക്കാനറിയാത്തവരുടെ എണ്ണം ശരാശരി 76.1 ശതമാനം ആയിരുന്നത് 2014ആയപ്പോള്‍  66.6 ശതമാനമായി കുറഞ്ഞു എന്ന് ഏസര്‍ സര്‍വേ പറയുന്നു. ഭാഷാപഠനത്തില്‍ എട്ടാംക്ളാസില്‍ പഠിക്കുന്ന കുട്ടികളില്‍ പോലും എ മുതല്‍ ഇസഡ് വരെ തെറ്റാതെ എഴുതാന്‍ കഴിയുന്നവര്‍ വിരളമാണ്.

2010ല്‍ 80.1 ശതമാനം വിദ്യാര്‍ഥകള്‍ക്ക് കണക്ക് കുറക്കാന്‍ അറിയാമായിരുന്നത് 2014ല്‍  56.4 ശതമാനമായി താണു. ഹരണത്തില്‍ 48.5 ശതമാനമായിരുന്നത് കുറഞ്ഞ് 39.3 ശതമാനം ആയി. എന്‍.സി.ഇ.ആര്‍.ടിയുടെ നാഷനല്‍ അച്ചീവ്മെന്‍റ് സര്‍വേ പ്രകാരം  കണക്കില്‍ യു.പി.ക്കും ബിഹാറിനും പിറകിലാണ് കേരളത്തിന്‍െറ സ്ഥാനം.

നേരത്തെ എസ്.സി.ഇ.ആര്‍.ടി സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാര്‍ഥികളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലായിരുന്നു വിദ്യാഭ്യാസ രംഗത്തെ പിറകോട്ടടി കണ്ടത്തെിയിരുന്നത്. നാലാം തരത്തിലെ 47 ശതമാനം കുട്ടികള്‍ക്കും മലയാളം എഴുതാന്‍ അറിയില്ല. 47.52 ശതമാനം വിദ്യാര്‍ഥികള്‍ക്കും ലളിതമായ മലയാളം ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം എഴുതാനാകുന്നില്ല. ഇംഗ്ളീഷറിയാത്ത കുട്ടികളുടെ എണ്ണം 25 ശതമാനത്തിലേറെ വരും. നാലാം ക്ളാസിലെ 25 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ലളിതമായ ഇംഗ്ളീഷ് പോലും വശമില്ല. ഏഴാം തരത്തില്‍ ഇത് 30 ശതമാനം.10.88 ശതമാനത്തിന് അടിസ്ഥാന ഗണിതബോധമില്ല.
പ്രൈമറി വിദ്യാഭ്യാസം അവസാനിക്കുന്ന ഏഴാം തരത്തില്‍ മലയാളം, ഇംഗ്ളീഷ് അക്ഷരങ്ങള്‍ അറിയാത്ത അഞ്ച് ശതമാനം വിദ്യാര്‍ഥികളുണ്ടെന്നാണ് എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ 4800ലധികം കുട്ടികള്‍ക്കിടയിലായിരുന്നു എസ്.സി.ഇ.ആര്‍.ടി.യുടെ സര്‍വേ.

കണ്ടത്തെലുകളുടെ അടിസ്ഥാനത്തില്‍  വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താനുള്ള എസ്.സി.ഇ. ആര്‍. ടിയുടെ നിര്‍ദേശങ്ങളനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ഒന്നും രണ്ടും ക്ളാസുകളിലെ എല്ലാ കുട്ടികളും എഴുതാനും വായിക്കാനും പഠിക്കണമെന്നും ഇത് അതത് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കിയിരുന്നു. ഇത് നടപ്പായോ എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് വിവരമില്ല.
1991ല്‍ കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അന്ന് 90.86 ശതമാനം ആയിരുന്നു കേരളത്തിലെ സാക്ഷരത.  2011 ലെ സെന്‍സസില്‍ കേരളത്തിന്‍െറ സാക്ഷരത 93.91 ശതമാനം ആയി ഉയര്‍ന്നതായി കണ്ടത്തെി.
 2011ലെ സെന്‍സസ് റിപ്പോര്‍ട്ടിന് ശേഷമാണ് സമ്പൂര്‍ണ പ്രാഥമിക വിദ്യഭ്യാസം നേടുന്നവരെ കൂടി സാക്ഷരരാക്കാനുള്ള കണക്കെടുപ്പില്‍ സംസ്ഥാനത്താകെ 2,40,804 പഠിതാക്കളെ കണ്ടത്തെി നടത്തിയ പൊതുപരീക്ഷയില്‍ 2,02,862 പേര്‍ വിജയിച്ചു. അങ്ങനെയാണ് സമ്പൂര്‍ണ വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമെന്ന നേട്ടം സംസ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍ ഈ നേട്ടത്തിനിടയിലും സംസ്ഥാനത്തെ പൊതുവിദ്യഭ്യാസ രംഗത്തെ ആശങ്കയിലാക്കുന്നതാണ് കേന്ദ്ര സര്‍വേ വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.