ഗുലാം അലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നൽകി

തിരുവനന്തപുരം: സാംസ്കാരിക ചരിത്രത്തില്‍ പുതുഅധ്യായം രചിച്ച് വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് കേരളത്തിന്‍െറ ആദരം. കനത്ത സുരക്ഷയില്‍ വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണിഹാളിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.
വിശാലമായി ചിന്തിക്കുകയും അതിഥികളെ ഊഷ്മളമായി സ്വീകരിക്കുകയും ചെയ്യുന്ന സംസ്കാരിക പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും ഗുലാം അലിയെ ഒരു മനസ്സോടെ കേരളം സ്വീകരിക്കുമ്പോള്‍ ഈ പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്‍െറ മതേതര മനസ്സ് വെന്നിക്കൊടി പാറിച്ച ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍െറ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി നല്‍കി.
പാകിസ്താനിയായ ഗുലാം അലി ഇന്ത്യയുടെ സഹോദരനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വിഷം പുരട്ടിയ മനസ്സും ചിന്തകളുമായി നടക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ നിലപാടല്ല നമ്മുടെ സംസ്കാരമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വരലയ ഗ്ലോബല്‍ ലെജന്‍ഡറി പുരസ്കാരം മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗുലാം അലിക്ക് സമര്‍പ്പിച്ചു.  
സംഗീതത്തിന് അതിരുകളില്ളെന്ന് ദൈവത്തിന്‍െറ സ്വന്തംനാട് ഒരിക്കല്‍കൂടി തെളിയിച്ചതായി ഇന്ത്യന്‍ ഗസല്‍ ഗായകന്‍ പണ്ഡിറ്റ് വിശ്വനാഥ് പറഞ്ഞു.  എം.എ. ബേബി അധ്യക്ഷത വഹിച്ചു.
കേരളത്തിന്‍െറ ആദരവിന് നന്ദിയുണ്ടെന്നും ഇത്ര ആവേശകരമായ സ്വീകരണം പ്രതീക്ഷിച്ചിരുന്നില്ളെന്നും ഗുലാം അലി പറഞ്ഞു. എന്‍െറ സംഗീതം നിങ്ങളെ ഇത്രത്തോളം ആനന്ദിപ്പിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ തരുന്ന ശക്തിയുമായിട്ടാണ് തിരുവനന്തപുരത്ത് പാടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വരലയ ചെയര്‍മാന്‍ ജി. രാജ്മോഹന്‍ സ്വാഗതം പറഞ്ഞു.  തിരുവനന്തപുരത്ത് 15നും കോഴിക്കോട്ട് 17നുമാണ് ഗുലാം അലിയുടെ ഗസൽ വിരുന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.