ഗുലാം അലിക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം

തിരുവനന്തപുരം: ലോക പ്രശസ്ത പാക് ഗസല്‍ സംഗീതജ്ഞന്‍ ഗുലാം അലിക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം. സ്വരലയയുടെ സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിന് ബുധനാഴ്ച രാത്രി 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലത്തെിയ ഗസല്‍ രാജാവിന് സംസ്ഥാന സര്‍ക്കാറിന്‍െറയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. മന്ത്രി  എ.പി. അനില്‍കുമാര്‍, എം.എ. ബേബി എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി. അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യങ്ങളുമായി യുവജന സംഘടനകളും രംഗത്തെത്തി.

എയര്‍ഇന്ത്യയുടെ എ.ഐ 048 വിമാനത്തിലാണ് അദ്ദേഹം എത്തിയത്. ഇതേ വിമാനത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എത്തിയിരുന്നു. സര്‍ക്കാറിന്‍െറ അതിഥിയാണ് ഗുലാം അലി. സ്വരലയയും ജി.കെ.എസ്.എഫും ചേര്‍ന്ന് സംസ്ഥാനത്ത് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച തിരുവനന്തപുരത്തും ഞായറാഴ്ച കോഴിക്കോട്ടും ഗസല്‍ അവതരിപ്പിക്കുന്ന അലിക്ക് വ്യാഴാഴ്ച തലസ്ഥാനത്ത് പൗരാവലിയുടെ സ്വീകരണവും പുരസ്കാര സമര്‍പ്പണവും ഉണ്ടാകും. അദ്ദേഹത്തിന്‍െറ കേരള സന്ദര്‍ശന പരിപാടിയുടെ ഭാഗമായി അണിയിച്ചൊരുക്കിയ  ‘സലാം ഗുലാം അലി’ പരിപാടിക്ക് ബുധനാഴ്ച തുടക്കംകുറിച്ചിരുന്നു. പ്രതിഷേധം മുന്നില്‍ കണ്ട് വിമാനത്താവളത്തിലും പരിസരത്തും കനത്ത പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.