അധ്യാപകപാക്കേജ്: കോടതിവിധി നടപ്പാക്കിയാല്‍ 2000 കോടിയുടെ അധികബാധ്യതയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഹൈകോടതി ഉത്തരവനുസരിച്ച് സംസ്ഥാനത്ത് അധ്യാപകപാക്കേജ് നടപ്പാക്കിയാല്‍ രണ്ടായിരം കോടിയിലധികംരൂപയുടെ അധികബാധ്യത വരുമെന്ന് റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ, ധനവകുപ്പുകള്‍ സംയുക്തമായി തയാറാക്കി, കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1400 കോടി രൂപയുടെ അധികബാധ്യതവരുമെന്നായിരുന്നു ധനവകുപ്പിന്‍െറ നേരത്തേയുള്ള വിലയിരുത്തല്‍. വന്‍ സാമ്പത്തികബാധ്യതയുടെ വെളിച്ചത്തില്‍ കഴിഞ്ഞ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. അടുത്ത മന്ത്രിസഭായോഗം വീണ്ടും പരിഗണിക്കുമെന്നാണ് സൂചന. ഇതിനിടെ മുഖ്യമന്ത്രി നേരിട്ട് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റുകളുടെ യോഗം വിളിച്ചു.  ബുധനാഴ്ച ക്ളിഫ് ഹൗസില്‍ മാനേജ്മെന്‍റ് സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടക്കുമെന്നാണ് സൂചന. സര്‍ക്കാറിന് ലഭിച്ച കണക്കുകളും അതുവഴിയുണ്ടാകുന്ന ബാധ്യതകളും ബോധ്യപ്പെടുത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.

 അധ്യാപകപാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈകോടതി റദ്ദാക്കിയിരുന്നു. അധ്യാപക, വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച വ്യവസ്ഥ റദ്ദാക്കിയതാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയത്. 2011 ജൂണിന് ശേഷം സ്കൂളുകളിലുണ്ടായ അധിക തസ്തികകളിലും ഇനിയുണ്ടാകുന്ന മുഴുവന്‍ തസ്തികകളിലും എല്‍.പിയില്‍ 1:30, യു.പിയില്‍ 1:35 എന്ന അനുപാതം നടപ്പാക്കാനാണ് കോടതി ഉത്തരവ്. എന്നാല്‍ 1:45 എന്ന അനുപാതമാണ് പാക്കേജില്‍ വ്യവസ്ഥ ചെയ്തിരുന്നത്. 2011 ജൂണ്‍ വരെയുള്ള തസ്തികകള്‍ക്കും പിന്നീട് വന്ന വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം,  മരണം എന്നിവ വഴി ഉണ്ടാകുന്ന ഒഴിവുകളിലേക്കും 1:30, 1:35 എന്ന അനുപാതം നടപ്പാക്കാനായിരുന്നു പാക്കേജ് നിര്‍ദേശിച്ചിരുന്നത്. കോടതിവിധിയോടെ ഭാവിയില്‍ വരുന്ന തസ്തികകളിലേക്കും 1:30,1:35 എന്ന അനുപാതത്തില്‍ നിയമനം നടത്തേണ്ടിവരും.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.