വിദ്വേഷത്തിന് അകലം, സാഹോദര്യക്കുന്നുയര്‍ത്തി ശിവഗിരി


തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗവും ശ്രീനാരായണ ധര്‍മസംഘവും തമ്മിലെ ഭിന്നത ശിവഗിരി തീര്‍ഥാടനത്തോടെ കൂടുതല്‍ പ്രകടമാകുന്നു. വിഭാഗീയതയുടെ വിത്തിട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സൃഷ്ടിച്ച അസ്വസ്ഥതകള്‍ക്ക്, സാന്ത്വനമായി മാറുകയായിരുന്നു ധര്‍മസംഘത്തിന്‍െറ നേതൃത്വത്തില്‍ നടന്ന തീര്‍ഥാടനം. രാഷ്ട്രീയത്തിന്‍െറയും മതത്തിന്‍െറയും അതിര്‍വരമ്പുകളില്ലാത്ത സാഹോദര്യം ഉയര്‍ത്തിയാണ് മൂന്നുദിവസത്തെ തീര്‍ഥാടനം വെള്ളിയാഴ്ച സമാപിച്ചത്. വെള്ളാപ്പള്ളിയടക്കമുള്ള യോഗത്തിന്‍െറയോ ബി.ജെ.പിയുടെയോ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ബി.ജെ.പി ബന്ധമുള്ള മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖനാഥന്‍ പങ്കെടുത്തെങ്കിലും ആര്‍.എസ്.എസ് പ്രചാരകനായ അദ്ദേഹം ഗുരുവിനെക്കുറിച്ച് തമിഴില്‍ പുസ്തകം എഴുതിയിട്ടുള്ളയാളാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, മോദിയെ ശിവഗിരിയിലേക്ക് ക്ഷണിക്കുകയും എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ അതിനെ മഠം ന്യായീകരിക്കുകയും ചെയ്തിരുന്നു. അതിനാല്‍, അവരുടെ ഇപ്പോഴത്തെ ബി.ജെ.പി വിരുദ്ധ നിലപാടിനുപിന്നില്‍ സമീപകാല സംഭവങ്ങള്‍തന്നെയെന്ന് വ്യക്തം.
ഗുരുവിനെ മുന്‍നിര്‍ത്തി, ബി.ജെ.പിയുമായി ചേര്‍ന്നുള്ള പാര്‍ട്ടി രൂപവത്കരണത്തില്‍ തുടക്കംമുതല്‍ മഠം എതിര്‍പ്പുയര്‍ത്തിയിരുന്നു. വിവാദമായ കണ്ണൂരിലെ നിശ്ചലദൃശ്യ സംഭവത്തില്‍ സ്വാമി പ്രകാശാനന്ദ പ്രതികരിച്ചെങ്കിലും ഗുരുവിനെ അത്തരത്തില്‍ ചിത്രീകരിക്കാനിടയായ സാഹചര്യവുംകൂടി വിലയിരുത്തണമെന്ന അഭിപ്രായവും സ്വാമിമാര്‍ പ്രകടിപ്പിച്ചു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവാദമായ ആര്‍. ശങ്കര്‍ പ്രതിമ അനാവരണത്തിന് എത്തിയത്. അന്നുതന്നെ ശിവഗിരിയിലും വന്നെങ്കിലും തങ്ങള്‍ ക്ഷണിച്ചിട്ടല്ല മോദി എത്തുന്നതെന്ന നിലപാടിലായിരുന്നു മഠം. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നാരോപിച്ച് സ്വാമി പ്രകാശാനന്ദ രംഗത്തുവന്നതും കഴിഞ്ഞ ദിവസമാണ്. എസ്.എന്‍ കോളജുകളിലെ കോഴയെയും മൈക്രോഫിനാന്‍സ് അഴിമതിയെയും പരോക്ഷമായി പരാമര്‍ശിച്ച് സ്വാമി ഋതംഭരാനന്ദ വിമര്‍ശമുയര്‍ത്തുകയും ചെയ്തു. യോഗം ശാഖകള്‍ കുത്തകയാക്കിവെച്ചിരുന്ന, സമുദായാംഗങ്ങളുടെ വിവാഹ പത്രിക നല്‍കലിനും കഴിഞ്ഞദിവസം മഠം തുടക്കം കുറിച്ചു. അവിടെ നടന്ന പ്രസംഗങ്ങളെല്ലാം വിദ്വേഷത്തിനും വിഭാഗീയതക്കും എതിരായ മുന്നറിയിപ്പുകളുമായി.
ബി.ജെ.പിയുമായി സഹകരിക്കാന്‍ വെള്ളാപ്പള്ളി തീരുമാനിച്ചപ്പോള്‍ അവരെയൊഴിച്ച് ബാക്കിയെല്ലാവരെയും ക്ഷണിച്ച് എതിര്‍പ്പ് പച്ചക്ക് പ്രകടിപ്പിക്കുകയായിരുന്നു സ്വാമിമാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഉദ്ഘാടകയാക്കിയതിനുപുറമെ, സി.പി.എം, സി.പി.ഐ ജനറല്‍ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി, സുധാകര്‍ റെഡ്ഡി എന്നിവരെയും പങ്കെടുപ്പിച്ചു. കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ളീനം അവസാനിച്ചതിന്‍െറ പിറ്റേന്ന് ശിവഗിരിയിലത്തെിയതിലൂടെ, എത്ര പ്രാധാന്യത്തോടെയാണ് സി.പി.എം ഇതിനെ കാണുന്നതെന്ന് യെച്ചൂരി വ്യക്തമാക്കുകയും ചെയ്തു. ശിവഗിരിയില്‍ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് മുസ്ലിം ലീഗ് നേതാവ് അബ്ദുസ്സമദ് സമദാനിയായിരുന്നു. സോണിയയുടെ ശിവഗിരി പ്രസംഗത്തിനെതിരെ വെള്ളാപ്പള്ളിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും രംഗത്തുവന്നിരുന്നു. വേദിയറിഞ്ഞല്ല സോണിയ പ്രസംഗിച്ചതെന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപത്തിന്, വേദിയറിഞ്ഞുതന്നെയാണ് പ്രസംഗിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മറുപടി നല്‍കി. ഇവര്‍ തമ്മിലെ പോരും തുടരുമെന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.