മാണിയുടെ ‘കണക്കുകൂട്ടൽ’ തെറ്റിച്ച വില്ലൻ; കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് വീണ്ടും അനിമോൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബാർ കോഴയുടെ പുതിയരൂപം പിണറായി സർക്കാറിന്‍റെ കാലത്തും നുരഞ്ഞുപൊന്തുന്നു. യു.ഡി.എഫ് ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ തളർത്തിയതും പിന്നീട് രാജിയിലേക്ക് തള്ളിവിട്ടതും ഇപ്പോഴത്തെ വിവാദനായകനായ ബാറുടമ അനിമോന്‍റെ ശബ്ദരേഖയാണ്.

2014 ഒക്ടോബർ 31നാണ് പൂട്ടിയ 418 ബാറുകൾ തുറക്കാൻ ബാറുടമകളിൽനിന്ന് കെ.എം. മാണി പണം വാങ്ങിയെന്ന പ്രമുഖ വ്യവസായിയും ബാറുടമയുമായ ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ വരുന്നത്. പാലാരിവട്ടത്തെ ഹോട്ടലിൽ രണ്ടരമണിക്കൂർ നീണ്ട ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ അനിമോന്‍റെ 22 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദരേഖയാണ് ബിജു രമേശ് പുറത്തുവിട്ടത്.

ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നതിന് മാണി ആവശ്യപ്പെട്ടത് 30 കോടിയാണെന്നായിരുന്നു അനിമോന്‍റെ ആരോപണം. ആദ്യഘട്ടമായി അഞ്ചുകോടി നൽകിയെന്നും അനിമോൻ കൂട്ടിച്ചേർത്തു. മാണിക്ക് വാഗ്ദാനം ചെയ്ത 30 കോടിയിൽ അഞ്ച് കോടി അന്ന് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ല സെക്രട്ടറിയും ഇപ്പോഴത്തെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സുനിൽകുമാറിന്‍റേതായിരുന്നു. അനിമോന്‍റെ വെളിപ്പെടുത്തൽ എൽ.ഡി.എഫ് മാണിക്കെതിരെ ആ‍യുധമാക്കി.

ഒടുവിൽ ഹൈകോടതി പരാമർശവും എതിരായതോടെയാണ് 2015 നവംബർ 10ന് കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെക്കുന്നത്. പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് വിജിലൻസ് അന്വേഷിച്ചെങ്കിലും ആരോപണങ്ങളുമായി വന്നവർ ഒടുവിൽ രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് പിന്നാക്കംപോയതോടെ അന്വേഷണം എങ്ങുമെത്തിയില്ല.

വിവാദത്തെ തുടർന്ന് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പിളർന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ രൂപംകൊണ്ടു. ഇതിന്‍റെ നേതൃത്വം സി.പി.എം നേതാവും മുൻ എം.പിയുമായ സമ്പത്തിന്‍റെ ഭാര്യാസഹോദരൻ കൂടിയായ സുനിൽ കുമാർ ഏറ്റെടുത്തു. സംഘടനയുടെ വൈസ് പ്രസിഡന്‍റാണ് തൊടുപുഴക്കാരനായ അനിമോൻ.

Tags:    
News Summary - liquor policy kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.