തിരുവനന്തപുരം: എ.കെ.ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കേരള വികസന പഠന കോണ്‍ഗ്രസ് ഈമാസം ഒമ്പത്, 10 തീയതികളില്‍ നടക്കും. കോണ്‍ഗ്രസില്‍ വരുന്ന നിര്‍ദേശത്തിന്‍െറ കൂടി അടിസ്ഥാനത്തിലാകും എല്‍.ഡി.എഫ് അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കുകയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അറിയിച്ചു. പഠന കോണ്‍ഗ്രസിനുപിന്നാലെ ഫെബ്രുവരിയില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന വിഷയങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കും. പ്രദേശത്തെ വികസന പ്രശ്നങ്ങള്‍ക്കാകും ഇതില്‍ ഊന്നല്‍. 51 സെഷനുകളിലായി 500ഓളം വിദഗ്ധര്‍ പഠന കോണ്‍ഗ്രസില്‍ സംബന്ധിക്കും. വ്യവസായം, കൃഷി, തൊഴില്‍, ഭൂമി പ്രശ്നം, മാധ്യമം, സാമൂഹിക സുരക്ഷ, ദലിത്-ആദിവാസി വിഷയങ്ങള്‍, സ്ത്രീകളുടെ പാര്‍ശ്വവത്കരണം, ലിംഗനീതി, സാന്ത്വന ചികിത്സ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഓരോ വിഷയത്തിലും 10 വീതം വിദഗ്ധര്‍ പങ്കെടുക്കും. 3000ത്തോളം പ്രതിനിധികളെ പ്രതീക്ഷിക്കുന്നു. പ്രഫഷനലുകള്‍, പണ്ഡിതര്‍, മാനേജ്മെന്‍റ് വിദഗ്ധര്‍, രാഷ്ട്രീയ പ്രവര്‍ത്തകള്‍, ബഹുജന സംഘടനാ പ്രമവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഒമ്പതിന് രാവിലെ എ.കെ.ജി ഹാളില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇന്ത്യക്ക് ഇടതുപക്ഷ ബദല്‍ എന്ന വിഷയത്തിലെ സിമ്പോസിയം നടക്കും. സമാപന സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠന കോണ്‍ഗ്രസില്‍ അഞ്ച് സിമ്പോസിയങ്ങള്‍ നടക്കും. അഞ്ച് വര്‍ഷത്തേക്ക് നടപ്പാക്കേണ്ട വികസന അജണ്ടക്ക് പഠന കോണ്‍ഗ്രസ് രൂപം നല്‍കും.
വികസനത്തിന്‍െറ ഗ്രാഫില്‍ കേരളം കാല്‍ നൂറ്റാണ്ട് പിന്നിലായതിന് ഉത്തരവാദി യു.ഡി.എഫാണെന്ന് പിണറായി ആരോപിച്ചു. ഇടതു മുന്നണി സര്‍ക്കാറുകള്‍ കൊണ്ടുവന്ന വികസന നടപടികള്‍ തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാറുകള്‍ തകര്‍ത്തു. പൊതുവെ കുറവായ കൃഷിഭൂമി വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല. ഇതിനു മാറ്റം വരുത്തണം. വികസനരംഗത്ത് ദിശാബോധമുണ്ടായില്ല. പരമ്പരാഗത വ്യവസായരംഗം തകര്‍ന്നു. നാടിന്‍െറ വികസനത്തിനു ബദല്‍ നിര്‍ദേശമാണ് വികസന കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.