ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍െറ യോഗ്യത: എം.എച്ച്.ആര്‍.ഡിയും കൗണ്‍സിലും രണ്ടുതട്ടില്‍

തിരുവനന്തപുരം: യോഗ്യതയില്ളെന്നുകണ്ട് കേന്ദ്രമാനവശേഷി മന്ത്രാലയം മാറ്റാന്‍ നിര്‍ദേശിച്ച സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന് യോഗ്യതയുണ്ടെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി. വൈസ്ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന് വൈസ്ചെയര്‍മാന്‍ പദവിയില്‍ നിയമിക്കപ്പെടാന്‍ മതിയായ യോഗ്യതയുണ്ടെന്ന വിചിത്ര മറുപടിയാണ് കൗണ്‍സില്‍ നല്‍കിയത്.
മാനവശേഷി മന്ത്രാലയം മുമ്പാകെ, ‘റുസ’ പദ്ധതിപ്രകാരമുള്ള ഫണ്ടിനായി സംസ്ഥാനത്തിന്‍െറ പദ്ധതി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ചപ്പോഴാണ് വൈസ്ചെയര്‍മാന് മതിയായ യോഗ്യതയില്ളെന്നും നടപടി തിരുത്തണമെന്നും നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം വന്നത്. ടി.പി. ശ്രീനിവാസന്‍ നയതന്ത്ര വിദഗ്ധനാണെന്നും അക്കാദമീഷ്യനല്ളെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രഫസര്‍ റാങ്കിലുള്ള പ്രമുഖ അക്കാദമീഷ്യനായിരിക്കണം വൈസ്ചെയര്‍മാന്‍ എന്നും മാനവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ ആക്ടിലും വൈസ്ചെയര്‍മാന് സമാന യോഗ്യതയാണ് പറയുന്നത്. കൗണ്‍സില്‍ ചെയര്‍മാന്‍ അക്കാദമീഷ്യന്‍ ആയിരിക്കണമെന്നാണ് സംസ്ഥാന ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ചെയര്‍മാന്‍ ഈ ഗണത്തില്‍പെടുന്നയാള്‍ അല്ളെങ്കില്‍ വൈസ് ചെയര്‍മാന്‍ നിര്‍ബന്ധമായും അക്കാദമീഷ്യനായിരിക്കണമെന്നും ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് കൗണ്‍സിലിന്‍െറ ചെയര്‍മാന്‍ വിദ്യാഭ്യാസമന്ത്രിയായ നിലക്ക് വൈസ്ചെയര്‍മാന്‍ അക്കാദമീഷ്യനായിരിക്കണം. ഇത് പരിഗണിക്കാതെയായിരുന്നു ടി.പി. ശ്രീനിവാസന്‍െറ നിയമനം. മാനവശേഷി മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൗണ്‍സിലിന്‍െറ കാലാവധി കഴിയാറായെന്നും പുന$സംഘടനയില്‍ ശ്രദ്ധിക്കാമെന്നും കേരളം മറുപടി നല്‍കി.

സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് കേരളത്തിന് റുസ പദ്ധതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
കാലാവധി കഴിഞ്ഞ കൗണ്‍സിലിന് ആറു മാസത്തേക്ക് കൂടി നീട്ടിനല്‍കിയിട്ടുണ്ട്. കൗണ്‍സില്‍ പുന$സംഘടനാ നീക്കം സര്‍ക്കാര്‍തലത്തില്‍ നടക്കുന്നതിനിടെയാണ് വൈസ്ചെയര്‍മാന് മതിയായ യോഗ്യതയുണ്ടെന്ന തെറ്റായ മറുപടി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കൂടിയായ രജിസ്ട്രാര്‍ നല്‍കിയത്.  

കൗണ്‍സിലില്‍ അപ്പീല്‍ അതോറിറ്റി ടി.പി. ശ്രീനിവാസന്‍ തന്നെയാണ്. കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളയിനത്തില്‍ 57,03,439 രൂപയും 44,731 രൂപ യാത്രാബത്തയും ഫോണ്‍, ഇന്‍റര്‍നെറ്റ് ഇനത്തില്‍ 2,91,572 രൂപ നല്‍കിയതായും കൗണ്‍സില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.