കേരളത്തിന്‍െറ സഹിഷ്ണുത രാജ്യത്തിന് മാതൃക -രാഷ്ട്രപതി

കോഴിക്കോട്: അഭിപ്രായങ്ങളില്‍ ബഹുസ്വരത അംഗീകരിക്കുകയും നന്നായി കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്ത വിദ്യാഭ്യാസമുള്ള വോട്ടര്‍മാരാണ് കേരളത്തിന്‍െറ ജനാധിപത്യ അടിത്തറയെന്നും സംസ്ഥാനം മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നത് ഇതുകൊണ്ടാണെന്നും രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കേരളത്തെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാനുള്ള എംപവര്‍മെന്‍റ് കാമ്പയിന്‍െറയും സഹകരണമേഖലയിലുള്ള ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിന്‍െറയും സ്ത്രീ ശാക്തീകരണത്തിനായുള്ള വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍ പാര്‍ക്കിന്‍െറയും, വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന അഗതികള്‍ക്ക് സഹായം നല്‍കാനുള്ള കനിവ് പദ്ധതിയുടെയും ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിച്ചു. രാമനാട്ടുകര-തൊണ്ടയാട് ബൈപാസില്‍ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിലൊരുക്കിയ ചടങ്ങിലായിരുന്നു ഉദ്ഘാടനങ്ങള്‍. 14 ജില്ലകളും ഡിജിറ്റലായി മാറി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഡിജിറ്റല്‍വത്കരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനം ഡിജിറ്റലായി പ്രഖ്യാപിച്ചിരിക്കുന്നത്.

30നും 60നുമിടക്ക് പ്രായമുള്ള മൂന്നു ദശലക്ഷം ജനങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത വളര്‍ത്താനാണ് ഇനി സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളെയും മറ്റും ഉപയോഗിച്ചുള്ള കാമ്പയിന്‍കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതോടെ 2020ല്‍ പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാനുള്ള പാതയിലാണ് കേരളമെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തില്‍ വിവിധ മത-വര്‍ഗ സമൂഹങ്ങള്‍ നൂറ്റാണ്ടുകളായി സഹവര്‍ത്തിത്വത്തിലാണ്. എന്തും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുന്ന സംസ്കാരമാണ് കേരളം വളര്‍ത്തിയെടുത്തത്. രാജ്യം നിലകൊള്ളുന്ന നാനാത്വത്തിലെ ഏകത്വമെന്ന ആശയത്തിന് ശരിക്കുള്ള ഉദാഹരണമാണ് കേരളം. കേരളത്തില്‍ ഭരണകാര്യങ്ങളില്‍ ജനങ്ങളുടെ സജീവ ഇടപെടലുണ്ട്. തദ്ദേശ ഭരണം ശക്തമാക്കുന്നതിലും വികസനം വികേന്ദ്രീകരിക്കുന്നതിലും വലിയ നേട്ടമുണ്ടാക്കി.

കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ അഞ്ചു പദ്ധതികളുടെ ഉദ്ഘാടനം  രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുന്നു. യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി സമീപം

 

 


പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും തീരുമാനമെടുക്കുന്നതിലും എല്ലാ വിഭാഗത്തിന്‍െറയും പ്രാതിനിധ്യം ഉറപ്പാക്കി. വിഭവങ്ങള്‍ കണ്ടത്തെുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും വിജയം കണ്ടു. കഴിഞ്ഞ ഏതാനം ദശാബ്ദക്കാലംകൊണ്ടുള്ള കേരളത്തിന്‍െറ പുരോഗതി സ്തുത്യര്‍ഹമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലും സ്ത്രീശാക്തീകരണത്തിലുമൊക്കെ കേരളം ഇന്ന് അഭിമാനത്തോടടെ മുന്‍നിരയിലാണ്. ലോകത്ത് പല വികസിത രാജ്യങ്ങള്‍ക്കും തുല്യമായ ജീവിത നിലവാരം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. എടുത്തുപറയേണ്ട ഈ നേട്ടങ്ങള്‍ക്കു കാരണം സര്‍ക്കാറിന്‍െറയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രയത്നത്തോടൊപ്പം ജനങ്ങളുടെ കഠിനാധ്വാനവും ഭാവനയും തുറന്ന മനോഭാവവുമാണ് -രാഷ്ട്രപതി പറഞ്ഞു.

സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍ക്ക് ടാബുകള്‍ നല്‍കിക്കൊണ്ടായിരുന്നു ഡിജിറ്റല്‍ കാമ്പയിന്‍ ഉദ്ഘാടനം. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,  മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി,  മന്ത്രി ഡോ. എം.കെ. മുനീര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. രാഘവന്‍ എം.പി, പാലേരി രമേശന്‍ എന്നിവര്‍ സംബന്ധിച്ചു.  ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സ്വാഗതവും  വ്യവസായ വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്‍ നന്ദിയും പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം കാരണം കോഴിക്കോട്ട് രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍നിന്ന് എല്‍.ഡി.എഫ് വിട്ടുനിന്നു. യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന അഞ്ചു പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഇടതുമുന്നണി നേതാക്കള്‍ എത്തിയില്ല. കോഴിക്കോട് മേയര്‍ വി.കെ.സി. മമ്മദ്കോയ, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം.എല്‍.എമാരായ എളമരം കരീം, എ. പ്രദീപ് കുമാര്‍ എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ചത്. അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.