തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ തിരുവനന്തപുരത്ത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ ജയരാജന് ഇടക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികിത്സക്കായി ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. ഒപ്പം മൂത്രാശയസംബന്ധ രോഗങ്ങളും അലട്ടുന്നുണ്ട്.

ബുധനാഴ്ച രാത്രി 8.15ഓടെ ശ്രീചിത്രയിലത്തെിച്ച ജയരാജനെ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാരായ ടി.വി. രാജേഷ്, ജെയിംസ് മാത്യു, ആര്‍. രാജേഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. ബിജു എന്നിവര്‍ നേരത്തേ ആശുപത്രിയിലത്തെിയിരുന്നു. ആംബുലന്‍സില്‍നിന്ന് ജയരാജനെ സ്ട്രെച്ചറിലേക്ക് മാറ്റാന്‍ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ചൊവ്വാഴ്ച രാത്രി 11.10നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍, യാത്രാമധ്യേ ആംബുലന്‍സ് തൃശൂരില്‍ അപകടത്തില്‍പെട്ടു. തുടര്‍ന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ളെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.

യാത്ര ട്രെയിനില്‍ ആക്കാമെന്ന് പൊലീസ് നിര്‍ദേശിച്ചെങ്കിലും ആംബുലന്‍സ് വേഗംകുറച്ച് പോയാല്‍ മതിയെന്ന് സി.പി.എം നേതാക്കളും ജയരാജനും അറിയിച്ചതോടെയാണ് യാത്ര തുടര്‍ന്നത്. കാര്‍ഡിയോളജി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജഗന്‍മോഹന്‍ തരകന്‍െറ നേതൃത്വത്തിലാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.